മിന്നല്‍ പ്രളയത്തില്‍ അരുണാചല്‍ പ്രദേശിലെ സൈനിക ക്യാമ്പ് ഒഴുകിപ്പോയി അഞ്ച് പേരെ കാണാതായി.ദിബാങ് മാലിയിലെ പാസുപാനി ആര്‍മി ക്യാമ്പാണ് ഒലിച്ചു പോയത്

 
arunachal pradesh

ഇറ്റാനഗര്‍: മിന്നല്‍ പ്രളയത്തില്‍ അരുണാചല്‍ പ്രദേശിലെ സൈനിക ക്യാമ്പ് ഒഴുകിപ്പോയി അഞ്ച് പേരെ കാണാതായി. ഏഴ് സൈനികര്‍ ഒഴുക്കില്‍ പെട്ടെങ്കിലും രണ്ടു പേരെ രക്ഷിക്കുകയായിരുന്നു. ദിബാങ് മാലിയിലെ പാസുപാനി ആര്‍മി ക്യാമ്പാണ് ഒലിച്ചു പോയത്. 

വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ ഉരുള്‍പ്പൊട്ടലില്‍ നാല് നിര്‍മ്മാണ തൊഴിലാളികളെയും കാണാതായി. അതില്‍ ഒരാളുടെ മൃതദേഹം പിന്നീട് ലഭിച്ചു. കാണാതായ വര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അപ്പര്‍ സുബന്‍സിരി ജില്ലയിലാണ് വെള്ളിയാഴ്ച വൈകീട്ടോടെ ഉരുള്‍പൊട്ടലുണ്ടായത്.

പസു പാനി ആര്‍മി ക്യാമ്പിലെ '5-ാം ഗ്രനേഡിയര്‍' വിഭാഗത്തിന്റെ രണ്ട് രണ്ട് ക്യാന്പുകളാണ് ഒലിച്ചു പോയത്.ഹവില്‍ദാര്‍ ഉപേന്ദര്‍, കുന്ദന്‍ ,വിനോദ്, ആദിത്യ, സമുന്ദ എന്നീ സൈനിക ഉദ്യോഗസ്ഥരെയാണ് കാണാതായിട്ടുള്ളത്.

 സമീപപ്രദേശങ്ങളില്‍ നിന്നുള്ള സൈനികരുടേയും രക്ഷാപ്രവര്‍ത്തകരുടേയും നേതൃത്വത്തിലാണ് കാണാതായവര്‍ക്കായുള്ള തിരിച്ചില്‍ നടക്കുന്നത്. 
താഡു ബകി ,താജി റായ് ,മാര്‍ക്കോഷ് ബസുമതാരി, ബാബുല്‍ അലി എന്നിവരാണ് മണ്ണിടിച്ചിലില്‍ അകപ്പെട്ട നിര്‍മ്മാണ തൊഴിലാളികള്‍. ഇതില്‍ ബാബുല്‍ അലിയുടെ മൃതദേഹം കണ്ടെടുത്തതായി ജില്ലാ ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പ്രളയത്തിലും ഉരുള്‍പൊട്ടലിലുമായി അരുണാചല്‍ പ്രദേശില്‍ ഇതുവരെ 10 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ വകുപ്പ് പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് വ്യാപകനാശ നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്.

 235 റോഡുകള്‍, 40 പാലങ്ങള്‍, 373 കുടിവെള്ള വിതരണ പദ്ധതികള്‍ എന്നിവ പ്രളയത്തില്‍ തകര്‍ന്നിട്ടുണ്ട്. '5-ാം ഗ്രനേഡിയര്‍' വിഭാഗത്തിന്റെ രണ്ട് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകളെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. 

ഇന്തോ-തിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ  58ാം ബറ്റാലിയന്‍, ജനറല്‍ റിസര്‍വ് എന്‍ജിനീയര്‍ ഫോഴ്‌സിന്റെ 62 റോഡ് കണ്‍സ്ട്രക്ഷന്‍ കമ്പനി, അരുണാചല്‍ പ്രദേശ് പൊലീസ്, പ്രാദേശിക വോളന്റിയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്.

Tags

Share this story

From Around the Web