നൂഡില്സ് കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ അഞ്ചുപേര് മരിച്ച നിലയില്; ഭക്ഷ്യവിഷബാധയെന്ന് സംശയം
ന്യൂഡല്ഹി: ദമ്പതിമാരും മൂന്ന് കുട്ടികളുമുള്പ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേരെ വീട്ടില് മരിച്ച നിലയില് കണ്ടെത്തി. ഗ്രേറ്റര് നോയിഡയിലെ റബുപുര മേഖലയിലെ നാഗ്ല ശ്രീ പദം ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് അഞ്ചുപേരേയും മരിച്ചനിലയില് കണ്ടെത്തിയത്. ഭക്ഷ്യവിഷബാധയാകാം മരണകാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാല് ഇത് സ്ഥിരീകരിച്ചിട്ടില്ല.
മഹേഷ് (37), ഭാര്യ ലളിത (35), മക്കളായ ലഡ്ഡു (11), മിഷ്ടി (ഏഴ്), സാക്ഷത് (മൂന്ന്) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് റബുപുര പോലീസ് സ്റ്റേഷനില് മൃതദേഹങ്ങള് കണ്ടതായി വിവരം ലഭിച്ചത്. തുടര്ന്ന് മുതിര്ന്ന ഉദ്യോഗസ്ഥര് ഉള്പ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഫോറന്സിക് സംഘവും പോലീസ് ഫീല്ഡ് യൂണിറ്റും പരിശോധന നടത്തി ശാസ്ത്രീയ തെളിവുകള് ശേഖരിച്ചു.
മഹേഷും ലളിതയും മക്കളും കഴിഞ്ഞ രാത്രി നൂഡില്സ് കഴിച്ചിരുന്നു എന്നാണ് കുടുംബാംഗങ്ങളും അയല്വാസികളും നല്കിയ പ്രാഥമിക വിവരം. പിറ്റേന്ന് രാവിലെയാണ് അഞ്ചുപേരെയും മരിച്ച നിലയില് കണ്ടെത്തിയത്. മരിച്ചവരുടെ വായില്നിന്ന് നുര വന്നിരുന്നതായും റിപ്പോര്ട്ടുണ്ട്.
പോസ്റ്റുമോര്ട്ടം പരിശോധനയ്ക്കും മറ്റ് ശാസ്ത്രീയ പരിശോധനകള്ക്കും ശേഷമേ മരണകാരണം സ്ഥിരീകരിക്കാന് കഴിയൂ എന്ന് പോലീസ് അറിയിച്ചു. നടപടികള് പൂര്ത്തിയാക്കിയ ശേഷം മൃതദേഹങ്ങള് പോസ്റ്റ്മോര്ട്ടത്തിനായി അയച്ചു.