ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിക്ക് രക്ഷകരായി മത്സ്യത്തൊഴിലാളികള്‍; നദിയില്‍ മീന്‍ പിടിക്കുകയായിരുന്ന രണ്ട് മത്സ്യത്തൊഴിലാളികളാണ് ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ കണ്ടത്

 
elephant



കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ശക്തമായ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മൂന്ന് കിലോമീറ്ററോളം വള്ളത്തില്‍ പിന്തുടര്‍ന്ന് രക്ഷപ്പെടുത്തി മത്സ്യത്തൊഴിലാളികള്‍. തെസ്റ്റ നദിയിലാണ് സംഭവം. രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിമിഷങ്ങള്‍ക്കകം വൈറലായി.

മാല്‍ബസാര്‍ സബ് ഡിവിഷന് സമീപം തെസ്റ്റ നദിയിലെ സ്പര്‍ നമ്പര്‍ 12 ഭാഗത്താണ് സംഭവം നടന്നത്. നദിയില്‍ മീന്‍ പിടിക്കുകയായിരുന്ന രണ്ട് മത്സ്യത്തൊഴിലാളികളാണ് ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ കണ്ടത്.


തുടര്‍ന്ന്, ഒഴുക്കില്‍പ്പെട്ട ആനക്കുട്ടി ദൂരേക്ക് നീങ്ങുന്നത് കണ്ടതോടെ സ്വന്തം സുരക്ഷ പോലും നോക്കാതെ മത്സ്യത്തൊഴിലാളികള്‍ വള്ളം അതിന്റെ ദിശയിലേക്ക് തിരിച്ചുവിട്ടു. ശക്തമായ ഒഴുക്കിനിടയിലും ഏകദേശം മൂന്ന് കിലോമീറ്ററോളം സഞ്ചരിച്ച ശേഷമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് അതിനടുത്തെത്താന്‍ സാധിച്ചത്.

തുടര്‍ന്ന് ആനക്കുട്ടിയെ സുരക്ഷിതമായി വള്ളത്തിലേക്ക് എത്തിച്ച് കരയിലെത്തിച്ചു. സംഭവത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ വിവരം പ്രാദേശിക വനംവകുപ്പ് അധികൃതരെ അറിയിച്ചു.


വനംവകുപ്പ് സംഘം സ്ഥലത്തെത്തി ആനക്കുട്ടിയെ അമ്മയാനയുമായി വീണ്ടും ഒന്നിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് പിന്നാലെ ആനക്കുട്ടിയെ കരയിലെത്തിച്ച മത്സ്യത്തൊഴിലാളികള്‍ അതിനെ ചേര്‍ത്തുപിടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

Tags

Share this story

From Around the Web