കൈക്കൂലിയായി ചോദിച്ചത് മീന്‍കറി; തമിഴ്‌നാട്ടില്‍ വില്ലേജ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

 
FISH CURRY

കരൂര്‍ (തമിഴ്നാട്): ഭൂമി സംബന്ധമായ രേഖകള്‍ ലഭിക്കാന്‍ അപേക്ഷ നല്‍കിയ കര്‍ഷകനോട് മീന്‍കറി കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തമിഴ്നാട് കരൂര്‍ കൃഷ്ണനാരായണപുരം ദേവര്‍മല വില്ലേജ് ഓഫീസര്‍ കാര്‍ത്തിക്കിനെതിരെയാണ് നടപടി.

കൃഷിഭൂമിയുടെ പട്ടയം ലഭിക്കുന്നതിനായി കര്‍ഷകന്‍ വില്ലേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചപ്പോഴായിരുന്നു സംഭവം. 

അപേക്ഷയില്‍ നടപടികള്‍ വേഗത്തിലാക്കി പട്ടയം കയ്യില്‍ തരണമെങ്കില്‍ വീട്ടില്‍ പാകം ചെയ്ത മീന്‍കറിയും ഊണും എത്തിച്ചു നല്‍കണമെന്ന് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുകയായിരുന്നു.

 അതല്ലെങ്കില്‍ അടുത്തുള്ള കടയില്‍നിന്ന് മീന്‍കറി വാങ്ങി വന്നാലും രേഖകള്‍ ശരിയാക്കി നല്‍കാമെന്ന് ഇയാള്‍ കര്‍ഷകനോട് പറഞ്ഞു.


ഉദ്യോഗസ്ഥന്റെ ഈ 'വിചിത്ര'മായ ആവശ്യം കര്‍ഷകന്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയും മുതിര്‍ന്ന ഉദ്യോഗസ്ഥരെ സമീപിച്ചു പരാതി നല്‍കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക നടപടിയെന്ന നിലയിലാണ് ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

Tags

Share this story

From Around the Web