കടലിൽ മീൻ ലഭ്യത കുറഞ്ഞു; വിപണിയിൽ വില കുതിച്ചുയരുന്നു, പ്രതിസന്ധിയിൽ മത്സ്യത്തൊഴിലാളികളും കയറ്റുമതി മേഖലയും
കോട്ടയം: കടലിൽ മീൻ കിട്ടാനില്ല, മാർക്കറ്റിൽ മീൻ വില കുതിച്ചുയരുന്നു. ജനപ്രിയ വിഭവങ്ങളായ മത്തിക്കും അയലക്കും വരെ വിപണിയിൽ വില കുതിച്ചു കയറുകയാണ്. ഒരു കിലോ മത്തിയുടെ മൊത്തവില 200 രൂപയും കഴിഞ്ഞു കുതിക്കുകയാണ്. ചില്ലറ വിപണിയിലെത്തുമ്പോൾ 250 രൂപയ്ക്കു വരെയാണ് ഉപഭോക്താക്കൾക്ക് നൽകേണ്ടിവരുന്നത്. അയലക്ക് 350 മുതൽ 400 രൂപവരെയും വലിയ ചെമ്മീനിന് 500 രൂപ തൊട്ടുമാണ് വില. ആവോലിയുടെ വിലയും 800 രൂപയ്ക്കു മുകളിലാണ്.
ട്രോളിങ്ങ് നിരോധനത്തിന് ശേഷം കടലിൽ ഇറങ്ങിയ വള്ളങ്ങളും ബോട്ടുകൾക്കും ഇതുവരെ കാര്യമായ നേട്ടം ഉണ്ടായിട്ടില്ല. നിലവിൽ കാലാവസ്ഥ പ്രതികൂലമായതിനാൽ മീൻ തേടിയിറങ്ങിയ വള്ളങ്ങൾക്ക് പ്രതീക്ഷിച്ചത് കിട്ടാതെ മടങ്ങേണ്ട അവസ്ഥയാണ്. മുമ്പ് ശരാശരി 100 കിലോ മത്സ്യം ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് 70 മുതൽ 75 കിലോയായി ചുരുങ്ങി.
കിളിമീൻ, കൂന്തൾ, ചെമ്പാൻ, അയല, നത്തോലി എന്നിവയാണ് കിട്ടിയവയിൽ അധികവും. ട്രോളിങ് നിരോധനത്തിന് ശേഷം മത്സ്യങ്ങൾ വർധിക്കേണ്ടതാണ് പക്ഷെ നിലവിൽ കുറവാണ്. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കടലിലെ ആവാസവ്യവസ്ഥയെ തന്നെ മാറ്റിമറിക്കുകയാണെന്ന് മത്സ്യമേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കടലിലെ ജലത്തിൻ്റെ താപനില ഉയരുന്നതിനാൽ മത്തി, അയല തുടങ്ങിയ പ്രധാന മത്സ്യങ്ങൾ കേരള തീരം വിട്ട് മറ്റ് മേഖലകളിലേക്ക് നീങ്ങുന്നതാണ് ലഭ്യത കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.
ഒട്ടുകണവ, ചെമ്മീൻ വർഗങ്ങൾ, കയറ്റുമതിക്കു ആവശ്യമുള്ള എല്ലാ ഇനങ്ങളിലും ഈ കുറവ് പ്രകടമാണ്. ഇത് കയറ്റുമതി മേഖല വലിയതോതിൽ ബാധിക്കുന്നുണ്ട്.
മത്സ്യബന്ധന മേഖലയെ തളർത്തുന്ന മറ്റൊരു പ്രധാന ഘടകം ഇന്ധനവില വർധനവാണ്. ഡീസൽ, പെട്രോൾ, മണ്ണെണ്ണ എന്നിവയുടെ വില വർദ്ധിക്കുന്നത് വലിയ സാമ്പത്തിക ഭാരം ഉണ്ടാക്കുന്നു. ഇതോടൊപ്പം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ബോട്ടുകളുടെ രജിസ്ട്രേഷൻ, ലൈസൻസ് ഫീസ് എന്നിവ വളരെ കൂടുതലാണെന്ന പരാതിയും ശക്തമാണ്. അയൽ സംസ്ഥാനങ്ങളിലെ മാതൃകയിൽ ഇന്ധന സബ്‌സിഡി നൽകണമെന്നും അമിതമായ ഫീസുകൾ കുറയ്ക്കണമെന്നുമാണ് ബോട്ടുടമകളുടെയും തൊഴിലാളികളുടെയും ആവശ്യം.