സീറോമലങ്കര സഭയുടെ പ്രഥമ യൂറോപ്പ് - യുകെ കൺവെൻഷൻ ജൂൺ 13 മുതൽ

 
Malankara

തിരുവനന്തപുരം: സീറോ മലങ്കര സഭയുടെ പ്രഥമ യൂറോപ്പ് - യുകെ കൺവൻഷൻ ജൂൺ 13 മുതൽ 15 വരെ റോമിൽ നടത്തും. "വിശ്വാസത്തിലും സ്നേഹത്തിലും ഒന്നായി" എന്നതാണു സമ്മേളനത്തിന്റെ പ്രമേയം. സമ്മേളനത്തിന്റെ ഭാഗമായി തയാറാക്കിയ ലോഗോയുടെയും പോസ്റ്ററിൻ്റെയും ഔദ്യോഗിക പ്രകാശനം സീറോമലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ തിരുവനന്തപുരത്ത് നിർവ ഹിച്ചു.

യൂറോപ്പ്-യുകെ അപ്പസ്തോലിക് വിസിറ്റേറ്റർ ഡോ.കുര്യാക്കോസ് മാർ ഒസ്‌താത്തിയോസ് മെത്രാപ്പോലീത്ത യുകെയിലും കൺവൻഷൻ കോ-ഓർഡിനേറ്റർ മോൺ.കുര്യാക്കോസ് ചെറുപുഴതോട്ടത്തിൽ റോമിലും പ്രകാശനത്തിന് നേതൃത്വം നൽകി. കൺവൻഷനിൽ പങ്കുചേരുന്ന യുകെ, ഇറ്റലി, ജർമ്മനി, സ്വിറ്റ്സർലൻഡ്, അയർലൻഡ്, മാൾട്ട, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലെ ഇടവകകളിലും പ്രകാശന ചടങ്ങുകൾ നടന്നു.

മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, സഭയിലെ മെത്രാന്മാർ, വൈദികർ, സന്യസ്തർ തുടങ്ങിയവരാണ് കൺവെൻഷനിൽ പങ്കെടുക്കുന്നത്.

നടത്തിപ്പിനായി അപ്പസ്തോലിക് വിസിറ്റേറ്റർ ഡോ. കുര്യാക്കോസ് മാർ ഒസ്‌താത്തിയോസ് എപ്പിസ്കോപ്പ ചെയർമാനായും മോൺ. ഡോ. കുര്യാക്കോസ് ചെറുപുഴ ത്തോട്ടത്തിൽ ജനറൽ കോ-ഓർഡിനേറ്ററുമായുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

Tags

Share this story

From Around the Web