40 പേരുടെ മരണത്തിനിടയാക്കിയ സ്വിറ്റ്സർലൻഡ് ബാറിലെ തീപിടുത്തം; അപകട കാരണം പുറത്ത്
40 പേർ കൊല്ലപ്പെടുകയും 119 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്വിറ്റ്സർലൻഡിലെ സ്കീ റിസോർട്ടിലെ തീപിടുത്തത്തിന്റെ കാരണം പുറത്തുവിട്ട് ഉദ്യോഗസ്ഥർ.
ഷാംപെയ്ൻ കുപ്പികളിലെ തീപ്പൊരികളാണ് ബാറിലുണ്ടായ തീപിടുത്തത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
ഷാംപെയ്ൻ കുപ്പികളിൽ ഘടിപ്പിച്ചിരുന്ന സ്പാർക്ക്ലറുകൾ സീലിംഗിന് വളരെ അടുത്ത് വന്നെന്നും ഇത് വലിയ പൊട്ടിത്തെറിയിലേക്കും തീപിടിത്തത്തിലേക്കും നയിച്ചുവെന്നുമാണ് അനുമാനം.
പരുക്കേറ്റവരിൽ 113 പേരെ ഇതുവരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇതിൽ 71 പേർ സ്വിറ്റ്സർലൻഡ് പൗരന്മാരും 14 ഫ്രഞ്ചുകാരും 11 ഇറ്റലിക്കാരും ഉൾപ്പെടുന്നു. ശരിയായ മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് നൽകേണ്ടതുണ്ടെന്നും പൂർണ മുൻഗണന അതിനാണെന്നും സ്വിസ് ജുഡീഷ്യൽ പൊലീസ് മേധാവി പിയറി-ആന്റോയിൻ ലെൻഗെൻ പറഞ്ഞു.
അതേസമയം പരുക്കേറ്റവരിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾ ഗുരുതരമായ പൊള്ളലേറ്റ് ചികിത്സയിലാണെന്നാണ് വിവരം. സിയോൺ ആശുപത്രിയിൽ നാല് പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്ന് ഡയറക്ടർ ജനറൽ പറയുന്നു.
പുതുവർഷത്തെ വരവേറ്റുള്ള ആഘോഷങ്ങൾക്കിടെയാണ് വലിയ ദുരന്തം ഉണ്ടായത്. ഗുരുതരമായ പരിക്കുകളോടെ 55 പേരെ സംഭവദിവസം രാത്രി തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വലൈസ് ആശുപത്രി ഡയറക്ടർ ജനറൽ പറയുന്നു.
ഈ 55 പേരിൽ 13 പേർ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. 11 പേർ ഇപ്പോഴും സിയോണിലെ ആശുപത്രിയിൽ തന്നെയാണ്.
പിന്നീട് 28 പേരെ മറ്റ് സ്വിസ് ആശുപത്രികളിലേക്കോ വിദേശ ആശുപത്രികളിലേക്കോ മാറ്റി.
സിയോൺ ആശുപത്രിയിൽ ശേഷിക്കുന്ന 11 പേരിൽ നാലുപേരുടെ നില ഗുരുതരമാണെന്നും മൂന്ന് പേർക്ക് ശസ്ത്രക്രിയ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.