ബിജെപി എംഎല്‍എയുടെ വീട് കഴുകാന്‍ ഫയര്‍ഫോഴ്‌സ് വാഹനം;പിന്നാലെ വിവാദം, സംഭവം പുറത്തറിഞ്ഞതോടെ 2,700 രൂപ പിഴയായി ഈടാക്കി പ്രശ്‌നം ഒതുക്കി അധികൃതര്‍
അഹമ്മദാബാദ്: ദാഹോദ് ജില്ലയിലെ ബിജെപി എംഎല്‍എയും മുന്‍ ഗുജറാത്ത് മന്ത്രിയുമായ ബച്ചുഭായ് ഖബാദിന്റെ ബംഗ്ലാവ് കഴുകാന്‍ ഫയര്‍ഫോഴ്‌സ് വാഹനം ഉപയോഗിച്ചത് വന്‍ വിവാദത്തില്‍. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ എംഎല്‍എയുടെ വീട് കഴുകാനാണ് പൊതുമുതല്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതോടെ പൊതുമുതല്‍ സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചതിന് നിരവധി വിമര്‍ശനങ്ങളാണ് എംഎല്‍എക്കെതിരെ ഉടലെടുത്തിരിക്കുന്നത്.
ദേവഗഡ് ബാരിയ മുന്‍സിപ്പാലിറ്റിയിലുള്‍പ്പെടുന്നതാണ് ഫയര്‍ഫോഴ്‌സ് വാഹനം. ഈ വാഹനം ഉപയോഗിച്ച് എംഎല്‍എയുടെ വീടിന് ചുറ്റം വെള്ളം തളിക്കുന്നതാണ് വീഡിയോയിലുള്ളത്. സംഭവം പുറത്തറിഞ്ഞതോടെ 2,700 രൂപ പിഴയായി ഈടാക്കി പ്രശ്‌നം ഒതുക്കിയിരിക്കുകയാണ് അധികൃതര്‍.
ദേവ്ഗഡ് ബാരിയ മുന്‍സിപ്പല്‍ ചെയര്‍പഴ്‌സന്‍ ഘമേഷ് കലാല്‍ എഎന്‍ഐക്ക് നല്‍കിയ വിശദീകരണമനുസരിച്ച്: ബച്ചുഭായ് ഖബാദി എംഎല്‍എ ഫോണ്‍ വിളിച്ച് വീട്ടിലേക്ക് ഉടന്‍ ഫയര്‍ എന്‍ജിന്‍ അയച്ചുതരണമെന്ന് ആവശ്യപ്പെട്ടു. മറ്റെന്തോ അപകടം സംഭവിച്ചെന്നു കരുതി ഉടന്‍ ഫയര്‍ ഫോഴ്‌സുമായി ബന്ധപ്പെട്ട് വാഹനം അയച്ചുനല്‍കാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍, സ്ഥലത്തെത്തിയപ്പോള്‍ വീട് കഴുകാനാണെന്ന് അറിഞ്ഞപ്പോള്‍ ഉടന്‍ ഫയര്‍മാന്‍മാര്‍ തങ്ങളുടെ ഓഫീസറെ വിവരമറിയിക്കുകയായരുന്നു. തുടര്‍ന്ന് ആവശ്യപ്പെട്ടത് ചെയ്യരുതെന്നും അവിടം വരെ സഞ്ചരിച്ചതിന്റെ തുക കൂടി ഈടാക്കണമെന്നും നിര്‍ദേശം നല്‍കി -ചെയര്‍പഴ്‌സന്‍ പറയുന്നു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളാണ് എംഎല്‍എക്കെതിരെ ഉടലെടുത്തിരിക്കുന്നത്.