കെനിയയെ നടുക്കി സ്‌കൂളുകളിലെ തീവെപ്പ്; 16 പെണ്‍കുട്ടികള്‍ മരണമടഞ്ഞു
കെനിയയിലെ സ്‌കൂള്‍ ഹോസ്റ്റലിന് നേരെയുണ്ടായ തീവയ്പ്പില്‍ കൊല്ലപ്പെട്ട 16 പെണ്‍കുട്ടികളുടെ സംയുക്ത പ്രാര്‍ഥനാ ചടങ്ങില്‍ ബന്ധുക്കളും സഹപാഠികളും പൊട്ടിക്കരഞ്ഞു.
കെനിയയിലെ നകുരു കൗണ്ടിയിലുള്ള 'ഉതുമിഷ ഗേള്‍സ് അക്കാദമി'യില്‍ കഴിഞ്ഞ മെയ് 28-നായിരുന്നു ഈ ദാരുണ സംഭവം നടന്നത്.
രാജ്യത്ത് വിദ്യാര്‍ഥി പ്രതിഷേധങ്ങളുടെ ഭാഗമായി സ്‌കൂളുകള്‍ക്ക് തീയിടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
പൊലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ പ്രധാനമായി പഠിക്കുന്ന ഉതുമിഷ അക്കാദമിയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് അര്‍ദ്ധരാത്രിയിലാണ് തീയിട്ടത്. കുട്ടികള്‍ ഉറങ്ങിക്കിടക്കവെ കെട്ടിടത്തിന് തീപിടിച്ചതോടെ പലരും ഉള്ളില്‍ കുടുങ്ങിപ്പോകുകയായിരുന്നു.
15-നും 18-നും ഇടയില്‍ പ്രായമുള്ള 16 പെണ്‍കുട്ടികള്‍ ആണ് മരണമടഞ്ഞത്.
റെഡ് ക്രോസ് കണക്കുകള്‍ പ്രകാരം 132 കുട്ടികള്‍ക്ക് പരിക്കേറ്റു.
ഈ സംഭവവുമായി ബന്ധപ്പെട്ട് ഇതേ സ്‌കൂളിലെ ഒന്‍പത് വിദ്യാര്‍ഥിനികള്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇവര്‍ക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
തലസ്ഥാനമായ നെയ്റോബിയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള ഗില്‍ഗില്‍ സ്റ്റേഡിയത്തിലായിരുന്നു പ്രാര്‍ഥനാ ചടങ്ങുകള്‍ നടന്നത്.
പൂക്കളാല്‍ അലങ്കരിച്ച ചെറിയ വെള്ള പെട്ടികള്‍ സ്റ്റേഡിയത്തിലേക്ക് എത്തിച്ചപ്പോള്‍ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നിലവിളി ഉയര്‍ന്നു. ചടങ്ങിനിടെ മൂന്ന് അമ്മമാര്‍ ബോധരഹിതരായി വീണു.