റെയില്‍വേ പാര്‍ക്കിങ് തീപ്പിടിത്തം; കത്തിയമര്‍ന്നത് മുന്നൂറോളം ബൈക്കുകള്‍, ഉടമകള്‍ ഉപഭോക്തൃ കോടതിയിലേക്ക്
തൃശ്ശൂര്‍: തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ് ഏരിയയിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ ബൈക്കുകള്‍ നഷ്ടപ്പെട്ടവര്‍ നീതി തേടി ഒന്നിക്കുന്നു.
റെയില്‍വേയുടെ അനാസ്ഥയാണ് വന്‍ നാശനഷ്ടത്തിന് കാരണമായതെന്ന് ആരോപിച്ച് ഉപഭോക്തൃ കോടതിയെ സമീപിക്കാന്‍ വാഹന ഉടമകളുടെ യോഗം തീരുമാനിച്ചു. ടു വീലര്‍ യൂസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് തൃശ്ശൂരില്‍ ഒത്തുചേര്‍ന്നത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ ആറരയോടെയുണ്ടായ അപകടത്തില്‍ മുന്നൂറോളം ബൈക്കുകളാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്.
തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ സ്റ്റേഷന്‍ മാസ്റ്ററെ അറിയിച്ചിട്ടും അഗ്നിശമന സേനയെ വിളിക്കാന്‍ റെയില്‍വേ അധികൃതര്‍ വൈകിയെന്ന് ദൃക്സാക്ഷികള്‍ ആരോപിക്കുന്നു.
പോലീസ് ഇടപെട്ട് വിവരമറിയിച്ച ശേഷമാണ് ഫയര്‍ഫോഴ്സ് എത്തിയത്. അപ്പോഴേക്കും തീ അണയ്ക്കാന്‍ കഴിയാത്ത വിധം ആളിപ്പടര്‍ന്നിരുന്നു.
ഓരോ വാഹന ഉടമയും രേഖകള്‍ സഹിതം ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കും. റെയില്‍വേയെയും പാര്‍ക്കിങ് കരാറുകാരനെയും കേസില്‍ പ്രതിചേര്‍ക്കും. നഷ്ടപരിഹാരം നല്‍കാന്‍ മടിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കും.
റെയില്‍വേ മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കുന്നതിനൊപ്പം ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പലര്‍ക്കും ബൈക്കിനൊപ്പം വണ്ടിയുടെ രേഖകള്‍, വീടിന്റെ താക്കോല്‍, വിലപിടിപ്പുള്ള മറ്റ് വസ്തുക്കള്‍ എന്നിവയും നഷ്ടമായിട്ടുണ്ട്.
അതേസമയം റെയില്‍വേയുടെ ഭാഗത്തുനിന്ന് ഇതുവരെ അനുകൂലമായ നിലപാട് ഉണ്ടായിട്ടില്ലെന്ന് യോഗത്തില്‍ കുറ്റപ്പെടുത്തി.