നോയിഡയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; ഒരാള്‍ക്ക് ദാരുണാന്ത്യം, ആറ് കടകള്‍ കത്തിനശിച്ചു
നോയിഡ: നോയിഡയില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. സെക്ടര്‍ 125-ലെ സമുച്ചയത്തിലാണ് തീ പടര്‍ന്നത്. അപകടത്തില്‍ ആറ് കടകള്‍ പൂര്‍ണ്ണമായി കത്തിനശിച്ചു. സെക്ടര്‍ 126 പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വിവരം അറിഞ്ഞയുടന്‍ പൊലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
കടകള്‍ക്കുള്ളില്‍ നിരവധി എല്‍.പി.ജി. സിലിണ്ടറുകള്‍ സൂക്ഷിച്ചിട്ടുള്ളത് അഗ്‌നിരക്ഷാസേനയുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. കെട്ടിടത്തിനുള്ളില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സേനാംഗങ്ങള്‍ വിശദമായ പരിശോധന നടത്തിവരികയാണെന്ന് നോയിഡ ചീഫ് ഫയര്‍ ഓഫീസര്‍ (സി.എഫ്.ഒ.) പ്രദീപ് കുമാര്‍ വ്യക്തമാക്കി. തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഡല്‍ഹിയിലെ മായാപുരി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു ഫാക്ടറിയിലുണ്ടായ തീപിടിത്തം 15 മണിക്കൂറിലധികം പരിശ്രമിച്ചാണ് കഴിഞ്ഞ ദിവസം അണച്ചത്.