എ.ഐ ക്യാമറ വഴി ചുമത്തിയ പിഴത്തുക 1000 കോടി കടന്നു; അടയ്ക്കാനുള്ളത് കോടികള്‍, ജാഗ്രതയോടെ വാഹനമോടിച്ച് ജനങ്ങള്‍,അപകടമരണ നിരക്ക് കുറഞ്ഞു
സംസ്ഥാനത്ത് മോട്ടോര്‍വാഹനവകുപ്പിന്റെ സേഫ് കേരള പദ്ധതിപ്രകാരം എ.ഐ. ക്യാമറകള്‍ മുഖേന കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക ആയിരം കോടി രൂപ കവിഞ്ഞു. 2023 ജൂണ്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച 675 ക്യാമറകള്‍ വഴി മൂന്നുവര്‍ഷത്തിനിടെ ഒന്നരക്കോടിയോളം പേര്‍ക്കെതിരെയാണ് പിഴ ചുമത്തിയത്. ഇതില്‍ 365 കോടി രൂപ മാത്രമാണ് ഇതുവരെ ഒടുക്കിയിട്ടുള്ളത്. പിഴയിനത്തില്‍ ഇനിയും 635 കോടി രൂപയോളം സര്‍ക്കാരിലേക്ക് കിട്ടാനുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആംനെസ്റ്റി സ്‌കീം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കിയിട്ടും ഈ തുക പൂര്‍ണ്ണമായി ഈടാക്കാന്‍ സാധിച്ചിട്ടില്ല.
പദ്ധതിക്കായി ഏകദേശം 220 കോടി രൂപ ചെലവഴിച്ചെങ്കിലും, പിഴയിനത്തില്‍ ലഭിച്ച തുക അതിനേക്കാള്‍ ഒന്നരയിരട്ടി അധികമാണെന്ന് മോട്ടോര്‍വാഹനവകുപ്പും കെല്‍ട്രോണും വ്യക്തമാക്കുന്നു. എ.ഐ. ക്യാമറകള്‍ വന്നതോടെ ആളുകള്‍ കൂടുതല്‍ കരുതലോടെ വാഹനമോടിച്ചു തുടങ്ങിയെന്നും, വാഹനങ്ങളുടെ എണ്ണം ഏഴുശതമാനത്തോളം വര്‍ധിച്ചിട്ടും സംസ്ഥാനത്ത് അപകടമരണ നിരക്ക് 15 മുതല്‍ 20 ശതമാനം വരെ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍.