കരുണയിലും സത്യത്തിലും ക്രിസ്തുവിനെ കണ്ടെത്തുക: അഗസ്റ്റീനിയന്‍ സന്ന്യാസിനിമാരോട് പാപ്പാ

വത്തിക്കാന്‍സിറ്റി:കാരുണ്യപ്രവര്‍ത്തികളില്‍ മുഴുകിയും ദൈവമെന്ന സത്യത്തെക്കുറിച്ച് ധ്യാനിച്ചും ക്രിസ്തുവിലേക്കെത്താന്‍ ധ്യാനാത്മക സമൂഹമായ 'അഗസ്റ്റീനിയന്‍ റീകളക്റ്റ്‌സ്' സന്ന്യാസിനിമാരെ ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ പാപ്പാ.
ജൂബിലിവര്‍ഷത്തിന്റെ കൂടി പശ്ചാത്തലത്തില്‍ വത്തിക്കാനിലെത്തിയ ഈ സന്ന്യാസിനീസമൂഹത്തിന്റെ പ്രതിനിധികള്‍ക്ക് ഒക്ടോബര്‍ 15 ബുധനാഴ്ച രാവിലെ വത്തിക്കാനിലെ പോള്‍ ആറാമന്‍ സമുച്ചയത്തിലുള്ള ഒരു ശാലയില്‍ കൂടിക്കാഴ്ച അനുവദിച്ച വേളയില്‍, സ്‌പൈനില്‍നിന്നുള്ള വില്ലനോവയിലെ വിശുദ്ധ തോമസ് എന്ന അഗസ്റ്റീനിയന്‍ സന്ന്യാസികൂടിയായ മെത്രാന്‍, വിശുദ്ധ അഗസ്റ്റിന്റെ കൃതികളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് നടത്തുന്ന ഉദ്‌ബോധനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ക്രിസ്തുവാണ് നമ്മെ ആനന്ദം കൊണ്ട് നിറയ്ക്കുന്നതെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
കര്‍ത്താവുമായുള്ള കണ്ടുമുട്ടലിനായി തീര്‍ത്ഥാടകരെപ്പോലെ വിശ്വാസവഴിയെ നാം മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ, ഇതിന് പല മാര്‍ഗ്ഗങ്ങളുണ്ടെങ്കിലും അവയെ കരുണ, സത്യം എന്നീ രണ്ട് വഴികളിലേക്ക് ചുരുക്കാനാകുമെന്നും, അത്, ലാസറിന്റെ സഹോദരി മാര്‍ത്തയെപ്പോലെ കരുണയോടെയുള്ള സേവനപ്രവൃത്തികളില്‍ മുഴുകിയും, യേശുവിന്റെ പാദാന്തികേ ഇരുന്ന മറിയത്തെപ്പോലെ സത്യത്തെക്കുറിച്ച് ധ്യാനിച്ചുകൊണ്ടുമാണെന്ന് ഉദ്ബോധിപ്പിച്ചു (ലൂക്ക 10, 38-41).
ദൈവത്തെയും മനുഷ്യരെയും സ്‌നേഹിച്ചുകൊണ്ടുള്ള ഒരു മാര്‍ഗ്ഗം ജീവിക്കാനാണ് സുവിശേഷവും പൗലോസ് അപ്പസ്‌തോലനും വിശുദ്ധ അഗസ്റ്റിനും നമ്മെ ഉദ്‌ബോധിപ്പിക്കുന്നതെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
ദൈവത്തിലേക്കെത്തിയവരെല്ലാം ഈ മാര്‍ഗ്ഗത്തിലൂടെയാണ് കടന്നുപോയതെന്നും, എന്നാല്‍ സ്‌നേഹമെന്നത് ദൈവം നല്‍കുന്ന കൃപയാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
നമ്മുടെ പ്രവൃത്തികളുടെ അടിസ്ഥാനത്തിലാണ് നാം വിധിക്കപ്പെടുകയെങ്കിലും, ആ പ്രവൃത്തികളുടെ മൂല്യം ഹൃദയത്തിലെ സ്‌നേഹത്തിലാണ് അടങ്ങിയിരിക്കുന്നതെന്ന് വിശുദ്ധ അഗസ്റ്റിനെ പരാമര്‍ശിച്ചുകൊണ്ട് (ഒപ്പേറ ഓമ്‌നിയ, കക, 247), പാപ്പാ ഓര്‍മ്മിപ്പിച്ചു.
കഷ്ടപ്പാടുകള്‍ ആത്മാവില്‍ ഒരു ഭാരമായി മാത്രം നിലനില്‍ക്കുമെന്നും, എന്നാല്‍ സ്‌നേഹമുണ്ടെങ്കില്‍ അവിടെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലെന്നും പാപ്പാ പ്രസ്താവിച്ചു.
അഗസ്റ്റീനിയന്‍ ആധ്യാത്മികത ജീവിക്കുന്ന അഗസ്റ്റീനിയന്‍ റീകളക്റ്റ്‌സ് എന്ന ധ്യാനാത്മകസന്ന്യാസിനീസഭ എന്ന ശാഖയ്ക്ക് സ്‌പൈനില്‍നിന്നുള്ള മനുവേല്‍ ഫെര്‍നാണ്ടെസ് എന്ന മെത്രാനാണ് രൂപം കൊടുത്തത്. 1688-ല്‍ മെക്‌സിക്കോയിലാണ് ഇത് ആരംഭിച്ചത്.