ഫിനാന്‍സ് ഇന്‍ഫ്‌ലുവന്‍സര്‍ മരിച്ചനിലയില്‍; മരണത്തിനു പിന്നില്‍ സൈബര്‍ ബുള്ളിയിങ് എന്ന് പിതാവ്; ആരോപണം തള്ളി ടെക് സി.ഇ.ഒ.
ചെന്നൈ: ഇന്‍സ്റ്റഗ്രാമില്‍ 13 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള പ്രമുഖ ഫിനാന്‍സ് ഇന്‍ഫ്‌ലുവന്‍സറെ ചെന്നൈയിലെ വാടകവില്ലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബിലും 'ഫിനാന്‍സ് വിത്ത് ഹരീഷ്' എന്ന സോഷ്യല്‍ മീഡിയ പേജിലൂടെ വീഡിയോ ചെയ്തിരുന്ന വി. ഹരീഷി (27) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മകന്റെ മരണത്തിന് കാരണം സെമുറിയ ഇന്‍ക് എന്ന വെഞ്ചര്‍ സ്റ്റുഡിയോയുടെ സി.ഇ.ഒ ജെയ്സണ്‍ സാമുവല്‍ നടത്തിയ സൈബര്‍ ബുള്ളിയിങ്ങും അധിക്ഷേപങ്ങളുമാണെന്ന് ഹരീഷിന്റെ പിതാവ് ആരോപിച്ചു.
ജെയ്സണ്‍ ഉന്നയിച്ച ആരോപണങ്ങളെത്തുടര്‍ന്ന് ഹരീഷിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് മെറ്റ പ്രവര്‍ത്തനരഹിതമാക്കിയിരുന്നുവെന്നും തുടര്‍ന്ന് പുതിയ അക്കൗണ്ടിലൂടെയാണ് ഹരീഷ് വീഡിയോകള്‍ പുറത്തുവിട്ടിരുന്നതെന്നും കുടുംബം പറഞ്ഞു.
ഇതിനെത്തുടര്‍ന്നുണ്ടായ കടുത്ത മാനസികസമ്മര്‍ദ്ദമാണ് മകനെ ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നും സംഭവത്തില്‍ പോലീസ് അന്വേഷണം വേണമെന്നും പിതാവ് ആവശ്യപ്പെട്ടു.
എന്നാല്‍, ആരോപണങ്ങള്‍ തള്ളി ജെയ്സണ്‍ സാമുവല്‍ രംഗത്തെത്തി. ഹരീഷിന്റെ മരണവാര്‍ത്തയില്‍ കടുത്ത ദുഃഖവും ഞെട്ടലും രേഖപ്പെടുത്തിയ സാമുവല്‍, താന്‍ സൈബര്‍ ബുള്ളിയിങ് നടത്തിയിട്ടില്ലെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും വ്യക്തമാക്കി. 'എക്സ്' പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
'ഞാന്‍ അദ്ദേഹത്തെ സൈബര്‍ ബുള്ളിയിങ് ചെയ്തിട്ടില്ല. അദ്ദേഹത്തിന് ആവശ്യമായ ലൈസന്‍സോ അധികാരമോ ഇല്ലെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്.
സെബിയുടെ റജിസ്റ്റേര്‍ഡ് ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസര്‍ (ആര്‍ഐഎ) ലൈസന്‍സ് അദ്ദേഹത്തിന് ഇല്ലായിരുന്നു. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയില്‍ (എഎംഎഫ്‌ഐ) നിന്ന് അടുത്തിടെ മാത്രമാണ് എ.ആര്‍.എന്‍ (എആര്‍എന്‍) നമ്പര്‍ ലഭിച്ചതെങ്കിലും ആംഫി ലൈസന്‍സ് ഉണ്ടെന്ന് തെറ്റായി പ്രചരിപ്പിച്ചു. അദ്ദേഹത്തിന്റെ നിയമവിരുദ്ധമായ പ്രവര്‍ത്തനമാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്', ജെയ്സണ്‍ സാമുവല്‍ കുറിപ്പില്‍ പറഞ്ഞു.
കൃത്യമായ സെബി ലൈസന്‍സോടെ തിരിച്ചുവന്ന് ജോലി തുടരാനാണ് വീഡിയോയിലൂടെ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടതെന്ന് ജെയ്സണ്‍ സാമുവല്‍ പറഞ്ഞു. ഇത്രയും ദാരുണമായ ഒരു ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് പ്രതീക്ഷിച്ചില്ല. ഈ വേര്‍പാടില്‍ ഞാന്‍ അനുശോചിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പോലീസ് ഇതുവരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല.