ഒടുവിൽ മടക്കം, എഫ് 35 യുദ്ധവിമാനം നാളെ മടങ്ങും; വിമാനത്താവളത്തിനും എയർ ഇന്ത്യയ്ക്കും ലഭിക്കുക ലക്ഷങ്ങൾ

തിരുവനന്തപുരം: ഒരു മാസത്തിലേറെയായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 മടക്ക യാത്രയ്‌ക്കൊരുങ്ങുന്നു. തകരാർ പരിഹരിച്ച് തിരികെപ്പറക്കാൻ സജ്ജമായ യുദ്ധവിമാനത്തെ വിമാനത്താവളത്തിലെ ഹാങ്ങറിൽ നിന്ന് ഇന്ന് പുറത്തിറക്കും. വിമാനം നാളെ തിരികെപ്പറക്കും. അതേസമയം വിമാനം പുറത്തിറക്കി അന്തിമ പരിശോധനകൾ വിജയകരമായി പൂർത്തിയായാൽ ഇന്നു തന്നെ കൊണ്ടുപോകുന്നതും പരിഗണിക്കുന്നുണ്ട്. വിമാനത്തിന്റെ തകരാർ പരിഹരിക്കാൻ ഏതാനും ആഴ്ചകൾ മുൻപെത്തിയ 14 അംഗ വിദഗ്ധ സംഘത്തെ തിരികെ കൊണ്ടുപോകാൻ ബ്രിട്ടനിൽ നിന്നുള്ള ഗ്ലോബ്മാസ്റ്റർ വിമാനം നാളെയെത്തുമെന്നാണ് വിവരം. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാർ പരിഹരിക്കാനെത്തിച്ച ഉപകരണങ്ങളും തിരികെക്കൊണ്ടുപോകും.
ഇന്ത്യ-പസഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടീഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ് 35 ബി യുദ്ധവിമാനം ഇന്ധനം കുറഞ്ഞതിനെ തുടർന്നാണ് ജൂൺ 14ന് തിരുവനന്തപുരത്ത് ഇറക്കിയത്. അടിയന്തരമായി ഇറക്കുന്നതിനിടെ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാര്‍ സംഭവിച്ചു. വിമാനവാഹിനി കപ്പലില്‍ നിന്ന് 2 എന്‍ജിനീയര്‍മാര്‍ ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് എത്തിയെങ്കിലും തകരാര്‍ പരിഹരിക്കാനായില്ല. പിന്നീട് ബ്രിട്ടനില്‍ നിന്ന് വിദഗ്ധരെത്തി വിമാനം ഹാങ്ങറിലേക്ക് മാറ്റി അറ്റകുറ്റപ്പണി നടത്തുകയായിരുന്നു. ശത്രുവിന്റെ റഡാര്‍ കണ്ണുകളെ വെട്ടിക്കാന്‍ കഴിവുള്ള സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുള്ളതാണ് എഫ് 35 വിമാനം.
അതേസമയം വാടക ഇനത്തിൽ 8 ലക്ഷത്തോളം രൂപ വിമാനത്താവളത്തിനും ഹാങർ സംവിധാനം നൽകിയതിന് എയർ ഇന്ത്യയ്ക്കും ലഭിക്കും. വിമാനത്താവളത്തില്‍ യുദ്ധവിമാനം നിര്‍ത്തിയിട്ടതിന്റെ പാര്‍ക്കിങ് ഫീസ്, വിമാനമിറക്കിയതിന്റെ ലാന്‍ഡിങ് ചാര്‍ജ് എന്നിവ ചേര്‍ത്തുള്ള തുക വിമാനത്താവള നടത്തിപ്പുകാരായ അദാനി കമ്പനിക്കാണ് ബ്രിട്ടീഷ് അധികൃതര്‍ നൽകേണ്ടത്. എഫ് 35 ബി യുദ്ധവിമാനത്തിന്റെ വലുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ക്കിങ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.