ഫയലുകള്‍ വൈകരുത്, അത് ജനങ്ങളുടെ ജീവിതമാണ്; ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍

 
 V d satheeshan

തിരുവനന്തപുരം: സര്‍ക്കാര്‍ ഫയലുകളില്‍ ഒരു കാരണവശാലും തീരുമാനം വൈകരുതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി വി.ഡി. സതീശന്റെ കര്‍ശന നിര്‍ദേശം. വകുപ്പ് സെക്രട്ടറിമാരും മന്ത്രിമാരും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. 

ഫയലുകള്‍ കേവലം കടലാസുകളല്ലെന്നും നിരവധിയാളുകളുടെ ജീവിതപ്രശ്‌നങ്ങളാണെന്നും ഓര്‍മിപ്പിച്ച അദ്ദേഹം, ഫയലുകളുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.


സമീപകാലത്തുണ്ടായ ഭരണഘടനാപരവും വകുപ്പുതലത്തിലുമുള്ള തുടര്‍വിവാദങ്ങളുടെയും ഉദ്യോഗസ്ഥ പുനഃസംഘടനയുടെയും പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച (നവംബര്‍ 9) ഈ അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്. 

ചില ഉദ്യോഗസ്ഥരുടെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയതും, തുടര്‍ന്നുണ്ടായ കൂട്ട സ്ഥലംമാറ്റത്തില്‍ ജീവനക്കാര്‍ക്കിടയിലുണ്ടായ അതൃപ്തിയും യോഗത്തില്‍ ചര്‍ച്ചയായി. ഭരണസംവിധാനം കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

ജനങ്ങളുടെ പരാതികള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുന്ന 'ജനസ്പര്‍ശം' ഫയല്‍ അദാലത്ത് കൂടുതല്‍ ഊര്‍ജിതമാക്കാന്‍ എ.ഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.

 വകുപ്പ് സെക്രട്ടറിമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനായി ഫയല്‍ കൈകാര്യം ചെയ്യലില്‍ മാറ്റങ്ങള്‍ വരുത്തുകയും ഇതിനായി പ്രതിമാസ യോഗങ്ങള്‍ ചേരാന്‍ തീരുമാനിക്കുകയും ചെയ്തു. 

കൂടാതെ, മുഖ്യമന്ത്രിയുടെ ഫ്‌ലാഗ്ഷിപ്പ് പ്രോഗ്രാമുകളുടെ പുരോഗതി കൃത്യമായി വിലയിരുത്താനും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പരമാവധി സംസ്ഥാനത്തിന് ലഭ്യമാക്കാനും വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.

Tags

Share this story

From Around the Web