ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി അടി; കല്ലാച്ചി എം.ഇ.ടി കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്
കോഴിക്കോട്:ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി കല്ലാച്ചി എം.ഇ.ടി കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം. സീനിയര്‍, ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിലാണ് തര്‍ക്കവും കൂട്ടത്തല്ലുമുണ്ടായത്. ഈ കഴിഞ്ഞ വെള്ളിയാഴ്ചയും സമാനമായ പോസ്റ്റിനെച്ചൊല്ലി വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. രണ്ടു ദിവസത്തെ അവധിക്കുശേഷം ഇന്ന് വിദ്യാര്‍ഥികള്‍ കോളജില്‍ തിരിച്ചെത്തിയതിനു പിന്നാലെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്.
ഇന്‍സ്റ്റഗ്രാം പേജുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വാക്കേറ്റത്തിന് കാരണമായത്. കോളജ് ക്യാംപസില്‍ ആരംഭിച്ച സംഘര്‍ഷം തൂണേരി പട്ടാണിയിലേക്കും നാദാപുരം ഗവണ്‍മെന്റ് ആശുപത്രി പരിസരത്തേക്കും വ്യാപിച്ചു. സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു.
വിവരമറിഞ്ഞ് നാദാപുരത്തുനിന്ന് വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. സംഘര്‍ഷത്തിലേര്‍പ്പെട്ട വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. ഇതോടെ വിദ്യാര്‍ഥികള്‍ സ്ഥലത്തുനിന്ന് പിരിഞ്ഞുപോയി. പരുക്കേറ്റ വിദ്യാര്‍ഥികള്‍ നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടിയശേഷം മടങ്ങി. സംഭവത്തില്‍ ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ല.
അതേസമയം, ഏത് പോസ്റ്റിനെച്ചൊല്ലിയാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ തര്‍ക്കമുണ്ടായതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതുസംബന്ധിച്ച് കോളജ് മാനേജ്‌മെന്റിനോട് ചോദിച്ചപ്പോള്‍ അവര്‍ക്കും തര്‍ക്കത്തിന്റെ കാരണത്തെക്കുറിച്ച് അറിയില്ലെന്നാണ് വിശദീകരണം. സമാനമായ വിഷയത്തില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ സംഘര്‍ഷമുണ്ടായതോടെ കോളജിലെ മറ്റു വിദ്യാര്‍ഥികളും ആശങ്കയിലാണ്.