തൈര് ചോദിച്ചതിനെച്ചൊല്ലി ബിരിയാണിക്കടയില്‍ കൂട്ടത്തല്ല്; ഹോട്ടല്‍ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിച്ച് ക്രൂരമര്‍ദ്ദനം, യുവാവിന് പരിക്ക്

 
police


തെലങ്കാനയിലെ മഞ്ചേരിയാല്‍ ജില്ലയിലുള്ള ശ്രീരാംപൂര്‍ ഏരിയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ശിവാജി ബിരിയാണി സെന്ററില്‍ ഹോട്ടല്‍ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിച്ച് ഭക്ഷണം ആവശ്യപ്പെട്ടതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കം ചേരിപ്പോരിലേക്കും പൊരിഞ്ഞതല്ലിലേക്കും വഴിമാറി. രാത്രി വൈകി ഭക്ഷണം കഴിക്കാനെത്തിയ മനുബോതുല പ്രശാന്ത് എന്ന യുവാവാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്.

സംഭവദിവസം കടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു മനുബോതുല പ്രശാന്ത്. എന്നാല്‍, ഇതേ ഹോട്ടലില്‍ എത്തിയ പൊന്നല പ്രശാന്ത്, പൊന്നല കിഷോര്‍ എന്നിവരുള്‍പ്പെട്ട സംഘം ഇയാളെ ഹോട്ടല്‍ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിച്ച് മേശപ്പുറത്തേക്ക് തൈര് ആവശ്യപ്പെടുകയായിരുന്നു. താന്‍ കടയിലെ ജീവനക്കാരനല്ലെന്നും ഉപഭോക്താവ് മാത്രമാണെന്നും മനുബോതുല പ്രശാന്ത് വ്യക്തമാക്കിയിട്ടും അക്രമികള്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഇത് വാക്കുതര്‍ക്കത്തിലേക്കും പിന്നീട് പരസ്യമായ കൈയേറ്റത്തിലേക്കും നയിച്ചു. പൊന്നല പ്രശാന്തും പൊന്നല കിഷോറും ചേര്‍ന്ന് പ്രശാന്തിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കടയിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.


 

Tags

Share this story

From Around the Web