മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ പനി പടരുന്നു; 5 പൊലീസുകാര്‍ക്ക് ഡെങ്കിപ്പനി

 
CLIFF HOUSE


തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ പകര്‍ച്ചവ്യാധി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ പനി പടരുന്നു. അഞ്ചു പൊലീസുകാര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ക്ലിഫ് ഹൗസില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ചികിത്സ തേടി.


അതേസമയം മഴക്കാലത്ത് മാത്രം കണ്ടുവന്നിരുന്ന ഡെങ്കിപ്പനി കേരളത്തില്‍ ഇപ്പോള്‍ വര്‍ഷം മുഴുവന്‍ നിലനില്‍ക്കുന്ന രോഗമായി മാറുന്നതിന്റെ സൂചനകളാണ് കണക്കുകള്‍ നല്‍കുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ 24 വരെ സംസ്ഥാനത്ത് 11,281 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 

42 പേര്‍ മരിച്ചു. 2025ല്‍ ആകെ 10,886 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്, അന്ന് 56 മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാധാരണ രോഗബാധ കുറയുന്ന ജനുവരിയില്‍ പോലും 378 പേര്‍ക്ക് രോഗം ബാധിക്കുകയും നാലുപേര്‍ മരിക്കുകയും ചെയ്തു. മണ്‍സൂണ്‍ ദുര്‍ബലമായ സെപ്റ്റംബറിലെ ആദ്യ 24 ദിവസങ്ങളില്‍ മാത്രം 1,330 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ജൂണിലാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 1,802 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 15 പേര്‍ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഡെങ്കി വൈറസിന്റെ നാല് വകഭേദങ്ങളായ ഡെന്‍വ്-1, 2, 3, 4 എന്നിവയും നിലവിലുണ്ടെന്ന് സംയോജിത രോഗനിരീക്ഷണ പദ്ധതി രേഖകള്‍ വ്യക്തമാക്കുന്നു. 

ഒരു വകഭേദം ബാധിച്ച ഒരാള്‍ക്ക് പിന്നീട് മറ്റൊരു വകഭേദം ബാധിച്ചാല്‍ രോഗം ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. 2022ല്‍ 4,432 കേസുകളും 29 മരണവുമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. 2023ല്‍ ഇത് 17,426 കേസുകളിലേക്കും 153 മരണത്തിലേക്കും ഉയര്‍ന്നു. 2024ല്‍ 20,674 കേസുകളും 128 മരണവും റിപ്പോര്‍ട്ട് ചെയ്തു. 2025ല്‍ കേസുകള്‍ കുറഞ്ഞെങ്കിലും ഈ വര്‍ഷം വീണ്ടും ഉയരുന്ന സാഹചര്യമാണ് കാണുന്നത്.

Tags

Share this story

From Around the Web