ലെയോ പാപ്പയ്ക്ക് ഫെരാരി ആദ്യ ഇലക്ട്രിക് കാറിന്റെ സ്റ്റിയറിംഗ് വീൽ സമ്മാനമായി നൽകി

 
Feera

പ്രമുഖ ഇറ്റാലിയൻ വാഹന നിർമ്മാതാക്കളായ ഫെരാരി തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക്ക് വാഹനമായ ‘ഫെരാരി ലൂചെ’ (Ferrari Luce) എന്ന മോഡലിന്റെ സ്റ്റിയറിംഗ് വീൽ ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് സമ്മാനമായി നൽകി. മെയ് 26 ചൊവ്വാഴ്ച രാവിലെ കാസിൽ ഗാൻഡോൾഫോയിലെ പാപ്പയുടെ വസതിയിൽ വച്ചാണ് ഫെരാരി കമ്പനിയുടെ പ്രസിഡന്റ് ജോൺ എൽക്കാൻ, സിഇഒ ബെനെഡെറ്റോ വിഗ്ന എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം മാർപാപ്പയ്ക്ക് സ്റ്റിയറിംഗ് വീൽ സമ്മാനമായി നൽകിയത്.

കേവലം ഒരു ‘ഇലക്ട്രിക് ഫെരാരി’ എന്നതിലുപരി, സാങ്കേതികവിദ്യയിലും രൂപകൽപ്പനയിലും പൂർണ്ണമായും വിപ്ലവകരമായ മാറ്റങ്ങളോടെയാണ് ഈ വാഹനം കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. കൂടിക്കാഴ്ചയ്ക്കിടെ, ഈ അത്യാധുനിക വാഹനത്തിന്റെ ഡ്രൈവർ സീറ്റിലും ലെയോ പാപ്പ ഇരുന്നു. പുതിയ വാഹനം നേരിട്ട് കാണാനും അതിന്റെ സ്റ്റിയറിംഗ് വീൽ സമ്മാനമായി സ്വീകരിക്കാനും പാപ്പ കാണിച്ച താല്പര്യം കമ്പനി അധികൃതരിലും വലിയ സന്തോഷമുണർത്തി.


പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ച തങ്ങൾക്കേവർക്കും വലിയൊരു ആവേശവും പറഞ്ഞറിയിക്കാനാകാത്ത ബഹുമതിയുമാണ് സമ്മാനിച്ചതെന്ന് ഫെരാരി പ്രസിഡന്റ് ജോൺ എൽക്കാൻ വ്യക്തമാക്കി. അസാധാരണമായ മാനുഷികവും പ്രതീകാത്മകവുമായ മൂല്യമുള്ള ഒരു നിമിഷമായിരുന്നു ഇതെന്നും, ഭാവിയിലേക്കുള്ള പ്രയാണത്തിൽ വലിയ ഉത്തരവാദിത്തത്തോടും ആത്മവിശ്വാസത്തോടും കൂടി മുന്നേറാൻ തങ്ങളുടെ കമ്പനിയിലെ മുഴുവൻ ജീവനക്കാർക്കും ഈ കൂടിക്കാഴ്ച പ്രചോദനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെരാരിയുടെ ചരിത്രത്തിലും ഓർമ്മകളിലും ഈ നിമിഷം എന്നെന്നേക്കുമായി നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ ഏറ്റവും പുതിയ വാഹനത്തിന്റെ മികച്ച മെക്കാനിക്കൽ പ്രകടനത്തോടൊപ്പം തന്നെ അതിന്റെ പരിസ്ഥിതി സൗഹൃദമായ ഊർജ്ജ കാര്യക്ഷമതയും ഫെരാരി എടുത്തുപറയുന്നുണ്ട്. കാർബൺ ഉദ്വമനം കുറയ്ക്കുക, പുനരുപയോഗ സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾക്കായി ശാസ്ത്രീയമായ പരിഹാരങ്ങളാണ് കമ്പനി നടപ്പിലാക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഈ വലിയ സംരംഭത്തിൽ പങ്കാളികളാകാൻ തങ്ങളുടെ വിതരണക്കാരെയും മറ്റ് പങ്കാളികളെയും കമ്പനി ഒപ്പം കൂട്ടുന്നുണ്ടെന്നും ഫെരാരി അധികൃതർ വ്യക്തമാക്കി.

Tags

Share this story

From Around the Web