ഗൾഫ് മേഖലയിൽ യുദ്ധഭീതി: വ്യോമപാത അടച്ച് കുവൈറ്റ്, വിമാന സർവീസുകൾ നിർത്തിവെച്ചു
കുവൈറ്റ് സിറ്റി: മേഖലയിലെ നിലവിലെ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ച് കുവൈറ്റ് തങ്ങളുടെ വ്യോമപാത (Airspace) എല്ലാ വിമാനങ്ങൾക്കുമായി താൽക്കാലികമായി അടച്ചതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.
യാത്രക്കാരുടെയും വിമാനക്കമ്പനികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങളെയും യാത്രക്കാരെയും ബാധിച്ചേക്കാവുന്ന ഏതൊരു അപകടസാധ്യതയും ഒഴിവാക്കാനാണ് ഈ നീക്കമെന്ന് അതോറിറ്റി വ്യക്തമാക്കി.
മേഖലയിലെ അസ്ഥിരമായ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് വിമാനങ്ങൾക്കും യാത്രക്കാർക്കും താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്.
പ്രാദേശിക, അന്തർദേശീയ ഏജൻസികളുമായി ഏകോപിപ്പിച്ച് സ്ഥിതിഗതികൾ 24 മണിക്കൂറും നിരീക്ഷിച്ചുവരികയാണെന്ന് സിവിൽ ഏവിയേഷൻ വക്താവ് മിസ്റ്റർ അബ്ദുള്ള അൽ-രാജി അറിയിച്ചു.
വ്യോമപാത തുറക്കുന്നതിനെക്കുറിച്ചോ മറ്റ് മാറ്റങ്ങളെക്കുറിച്ചോ ഉള്ള വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കുന്നതാണ്.
പൊതുജനങ്ങളും മാധ്യമങ്ങളും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും ഏവിയേഷൻ അതോറിറ്റി അഭ്യർർത്തിച്ചു