ഭയമാണ് അവരുടെ ആയുധം: നിക്കരാഗ്വയിലെ ഒർട്ടേഗ ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തി ഒരു വൈദികൻ

 
3344444

നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ സർക്കാർ കത്തോലിക്കാ സഭയെ ഭയപ്പെടുന്നുണ്ടെന്നും, ആ ഭയമാണ് സഭയ്‌ക്കെതിരെയുള്ള കടുത്ത പീഡനങ്ങൾക്ക് പിന്നിലെന്നും പ്രമുഖ നിക്കരാഗ്വൻ വൈദികൻ ഫാദർ നിൽസ് ഡി ജെസൂസ് ഹെർണാണ്ടസ് വെളിപ്പെടുത്തി. ‘വിപ്ലവകാരിയായ വൈദികൻ’ എന്ന് ഭരണകൂടം വിശേഷിപ്പിക്കുന്ന ഫാദർ ഹെർണാണ്ടസ് യുഎസിലെ അയോവയിലുള്ള ‘ക്വീൻ ഓഫ് പീസ്’ ഇടവകയിൽ ആണ് ഇപ്പോൾ സേവനം ചെയ്യുന്നത്.

2018-ൽ നിക്കരാഗ്വയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളെയും ഭരണവിരുദ്ധ സമരങ്ങളെയും പരസ്യമായി പിന്തുണച്ചതിനെ തുടർന്നാണ് സർക്കാരിന്റെ കണ്ണിലെ കരടായി ഫാദർ ഹെർണാണ്ടസ് മാറിയത്. അന്ന് മുതൽ ഭരണകൂടം അദ്ദേഹത്തെ ലക്ഷ്യമിടാൻ തുടങ്ങി. തുടർന്ന് ജീവന് ഭീഷണിയായതോടെ ജന്മനാടും കുടുംബത്തെയും ഉപേക്ഷിച്ച് അദ്ദേഹത്തിന് രാജ്യം വിടേണ്ടി വന്നു. ഇപ്പോൾ യുഎസിൽ ഉള്ള അദ്ദേഹം അവിടെയുള്ള നിക്കരാഗ്വൻ അഭയാർഥികളെയും ലത്തീൻ അമേരിക്കൻ സമൂഹത്തെയും ഏകോപിപ്പിച്ചു കൊണ്ട് ഒർട്ടേഗ ഭരണകൂടത്തിന്റെ ക്രൂരതകൾ ലോകത്തിന് മുന്നിൽ തുറന്നുകാട്ടുകയാണ്.

നിക്കരാഗ്വൻ ഭരണകൂടം രാജ്യത്തെ സഭയുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും, നിരവധി വൈദികരെയും ബിഷപ്പുമാരെയും ജയിലിലടയ്ക്കുകയും നാടുകടത്തുകയും ചെയ്തിട്ടുണ്ട്. സഭ ജനങ്ങളുടെ അവകാശങ്ങൾക്കായി സംസാരിക്കുന്നതും, അവർക്ക് ലഭിക്കുന്ന വലിയ ജനപിന്തുണയുമാണ് സ്വേച്ഛാധിപത്യ സർക്കാരിനെ ചൊടിപ്പിക്കുന്നത്. ആത്മീയവും സാമൂഹികവുമായ സഭയുടെ സ്വാധീനത്തെ ഭയന്നാണ് ഒർട്ടേഗ ഭരണകൂടം ഈ വേട്ടയാടൽ തുടരുന്നതെന്ന് ഫാദർ ഹെർണാണ്ടസ് വ്യക്തമാക്കുന്നു.

Tags

Share this story

From Around the Web