എഫ്‌സിആർഎ; രാഷ്ട്രപതിയ്ക്കു കാത്തലിക് അസോസിയേഷൻ നിവേദനം നൽകി
ന്യൂഡൽഹി: കേന്ദ്രസർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ച വിവാദമായ വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്‌സിആർഎ) ഭേദഗതി ബില്ലിലെ ആശങ്കകൾ ചൂണ്ടിക്കാട്ടി ഡൽഹി അതിരൂപത കാത്തലിക് അസോസിയേഷൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് നിവേദനം നൽകി.
നിയമപരമായ മേൽനോട്ടം ശക്തിപ്പെടുത്താനാണെന്ന് അവകാശപ്പെടുന്ന നിർദിഷ്ട ഭേദഗതി ഭരണഘടനാപരമായ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും രാജ്യത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളും സംബന്ധിച്ച് കടുത്ത ഉത്കണ്ഠ ഉളവാക്കുന്നതാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
ഭേദഗതി ബിൽ കൂടുതൽ പരിശോധനകൾക്കു പാർലമെൻററി സമിതിയുടെ പരിഗണനയ്ക്കു വിടണമെന്നും ആസ്‌തികൾ പിടിച്ചെടുക്കുന്ന തരത്തിലുള്ള നടപടികൾ ഉണ്ടാകാൻ പാടില്ലെന്നും അസോസിയേഷൻ നിവേദനത്തിൽ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.
ജീവകാരുണ്യ സ്ഥാപനങ്ങളുടെ സ്വയാധികാരം സംരക്ഷിക്കപ്പെടണം. പരാതികൾക്കും തർക്കങ്ങൾക്കും പരിഹാരത്തിനായി സ്വതന്ത്ര അപ്പലേറ്റ് അഥോറിറ്റി രൂപീകരിക്കണം. വിശ്വാസത്തിൽ ഊന്നിയുള്ള സന്നദ്ധ, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ദീർഘകാലത്തെ പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ.
കുട്ടികളുടെ വിദ്യാഭ്യാസം, രോഗികളുടെ പരിചരണം, ഭവനരഹിതർക്ക് പാർപ്പിടം തുടങ്ങി നിരവധി സേവനങ്ങളിലൂടെ മതത്തിന്റെയോ ഭൂപ്രദേശത്തിന്റെയോ അതിർവരന്പുകൾ ഇല്ലാതെ പാവപ്പെട്ട ജനവിഭാഗങ്ങളിലേക്കു സേവനമെത്തിക്കാൻ രാജ്യത്തെ ജീവകാരുണ്യ സ്ഥാപനങ്ങൾ സഹായിച്ചിട്ടുണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ഉൾപ്പെടെ കേന്ദ്രസർക്കാരിലെ ഉന്നതരെ നേരിൽക്കണ്ടു കാര്യങ്ങൾ ബോധിപ്പിക്കാൻ വിവിധ കത്തോലിക്കാസംഘടനകൾ ശ്രമിക്കുന്നുണ്ട്.