എഫ്.സി.ആർ.എ. ചട്ടഭേദഗതി : സേവന പ്രവർത്തനങ്ങളെദുർബലപ്പെടുത്തരുത്: പ്രോ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്
കൊച്ചി: എഫ്‌സിആർഎ ചട്ടങ്ങളിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ഭേദഗതികൾ രാജ്യത്തെ മത, സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ സംഘടനകൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്ന് പ്രോ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്.
നിയമങ്ങളുടെ ലക്ഷ്യവും സാമൂഹിക പ്രത്യാഘാതങ്ങളും സമഗ്രമായി വിലയിരുത്തി സർക്കാർ മുന്നോട്ടുപോകണമെന്നും പ്രൊ ലൈഫ് ഫെലോഷിപ്പ് ആവശ്യപ്പെട്ടു.
ഭൂമിയിലെ എല്ലാ മനുഷ്യരും വിശാലമായ അർത്ഥത്തിൽ സഹോദരങ്ങളാണ്. ലോകത്തിന്റെ ഏത് ഭാഗത്തായാലും വിവിധ കാരണങ്ങളാൽ വിഷമിക്കുന്നവരെയും പാർശ്വവൽക്കരിക്കപ്പെടുന്നവരെയും അവഗണിക്കപ്പെടുന്നവരെയും സഹായിക്കുന്ന മനോഭാവം മനുഷ്യസമൂഹത്തിന്റെ മഹത്തായ മൂല്യമാണ്.
അത്തരം സേവന മനോഭാവത്തെയും ജീവകാരുണ്യ പ്രവർത്തനങ്ങളെയും സർക്കാർ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് ചെയർമാൻ സാബു ജോസ് വ്യക്തമാക്കി.
ആരോഗ്യം, വിദ്യാഭ്യാസം, ദുരിതാശ്വാസം, ഭിന്നശേഷിക്കാരുടെ പുനരധിവാസം, വയോജന സംരക്ഷണം, ശിശുക്ഷേമം, വനിതാ ശാക്തീകരണം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സാമൂഹ്യസേവന പ്രസ്ഥാനങ്ങളെയും വ്യക്തികളെയും അവഗണിക്കരുത്.
സർക്കാരിന്റെ സേവനങ്ങൾ എത്തിപ്പെടാൻ പ്രയാസമുള്ള മേഖലകളിൽ പോലും ഇത്തരം സംഘടനകൾ വിലപ്പെട്ട സേവനങ്ങൾ നൽകുന്നുണ്ട്. അതിനാൽ തുറന്ന മനസ്സോടെയും വിശാലമായ കാഴ്ചപ്പാടോടെയും അവയെ സമീപിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം സാമ്പത്തിക വിനിമയങ്ങളും ധനസഹായങ്ങളും സർക്കാരിന്റെ എല്ലാ നിയമങ്ങളും നയങ്ങളും നടപടിക്രമങ്ങളും പാലിച്ചുകൊണ്ടായിരിക്കണം. സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.
നിയമലംഘനങ്ങളോ സാമ്പത്തിക ക്രമക്കേടുകളോ കണ്ടെത്തുന്ന സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കുന്ന ശക്തമായ നിയമസംവിധാനവും ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സാംസ്കാരിക പൈതൃകവും സംരക്ഷിക്കുന്നതിൽ സർക്കാർ ജാഗ്രത പുലർത്തേണ്ടതിന്റെ പ്രാധാന്യവും നാം അംഗീകരിക്കുന്നു. എന്നാൽ ഏതാനും വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ വീഴ്ചകളുടെ പേരിൽ മുഴുവൻ സേവന മേഖലയെയും സംശയത്തിന്റെ നിഴലിൽ കാണുന്നത് ഉചിതമല്ലെന്നും സാബു ജോസ് വ്യക്തമാക്കി.
രാജ്യത്തെ മത, സാമൂഹ്യ, സാംസ്കാരിക പ്രസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്ത് അവരുമായി ക്രിയാത്മകമായ സംവാദം നടത്തുവാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.
ജനസേവനത്തിനും സാമൂഹിക വികസനത്തിനും വലിയ സംഭാവനകൾ നൽകുന്ന ഇത്തരം സംഘടനകളെ രാഷ്ട്രനിർമ്മാണത്തിലെ പങ്കാളികളായി അംഗീകരിക്കുകയും അവരുടെ ന്യായമായ ആശങ്കകൾ പരിഗണിക്കുകയും ചെയ്യേണ്ടത് ജനാധിപത്യ ഭരണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
എഫ്‌സിആർഎ ചട്ടഭേദഗതികൾ നടപ്പിലാക്കുമ്പോൾ സുതാര്യത, ദേശീയ സുരക്ഷ, സാമൂഹിക സേവനം എന്നീ മൂന്ന് ലക്ഷ്യങ്ങളും ഒരുപോലെ സംരക്ഷിക്കപ്പെടുന്ന തരത്തിലുള്ള സന്തുലിത സമീപനം സർക്കാർ സ്വീകരിക്കണമെന്ന് പ്രോ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് ആവശ്യപ്പെട്ടു.