എഫ്സിആര്‍എ ബില്‍ 'ഹിന്ദുത്വയുടെ സാമ്പത്തികാക്രമണം'; ബിജെപിയെ കടന്നാക്രമിച്ച് 'ദീപിക' മുഖപ്രസംഗം
എഫ്സിആര്‍എ (വിദേശ സംഭാവന നിയന്ത്രണ) ഭേദഗതി ബില്‍ ഹിന്ദുത്വയുടെ സാമ്പത്തികാക്രമണം ആണെന്ന് ദീപിക മുഖപ്രസംഗം. സാഹചര്യസമ്മര്ദത്താല് ബില്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്തുനിന്നെടുത്താലും ഇല്ലെങ്കിലും ബിജെപി കൈയില്‍നിന്ന് താഴെവയ്ക്കാനിടയില്ലെന്ന് എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു. ഹിന്ദുത്വ പ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക ആക്രമണം എന്നാണ് ഭേദഗതി ബില്ലിനെ പത്രം വിശേഷിപ്പിച്ചിരിക്കുന്നത്.
വിദേശസംഭാവന തെറ്റായി സ്വീകരിക്കുകയോ വിനിയോഗിക്കുകയോ ചെയ്യുന്നതു തടയാൻ എഫ്സിആര്‍എ നിയമം നിലവിലുണ്ട്. അങ്ങനെ സ്വന്തമാക്കിയ ആസ്തികൾ മാനദണ്ഡങ്ങൾ പാലിച്ച് സർക്കാരിന് ഏറ്റെടുക്കാൻ വകുപ്പുമുണ്ട്. പക്ഷേ, മുൻപുണ്ടായിരുന്ന ഗോവധനിരോധന നിയമവും മതപരിവർത്തനിരോധന നിയമവുമൊക്കെ അക്രമോത്സുകമാക്കിയതുപോലെ എഫ്സിആര്‍എയും ന്യൂനപക്ഷങ്ങളെ തകർക്കാൻ തക്കവിധം ബിജെപി പുതുക്കുകയാണെന്ന കടുത്ത വിമര്‍ശനങ്ങളാണ് മുഖപ്രസംഗത്തിലുള്ളത്.
വർഗീയതയും വിഭാഗീയതയും ന്യൂനപക്ഷവിരുദ്ധ സാമ്പത്തികാക്രമണവും ആരോപിക്കപ്പെടുന്ന ബിൽ തയാറാക്കിയ കൈകൾകൊണ്ട് ദേശീയപതാക ഉയർത്തുന്നത് ഐക്യത്തിനും അഖണ്ഡതയ്ക്കും മതേതരത്വത്തിനുംവേണ്ടി ജീവത്യാഗം ചെയ്ത സ്വാതന്ത്ര്യസമരസേനാനികളോടുള്ള നിന്ദയാകുമെന്നും എഡിറ്റോറിയല്‍ കൂട്ടിച്ചേര്‍ക്കുന്നു.
മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം
ന്യൂനപക്ഷവിരുദ്ധതയുടെ, പ്രത്യേകിച്ച് ക്രൈസ്തവ വേട്ടയുടെ പല്ലും നഖവും ഒളിപ്പിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലാത്ത എഫ്സിആർഎ (വിദേശ സംഭാവന നിയന്ത്രണ) ഭേദഗതി ബിൽ സാഹചര്യസമ്മർദത്താൽ പാർലമെന്റിന്റെ മേശപ്പുറത്തുനിന്നെടുത്താലും ഇല്ലെങ്കിലും ബിജെപി കൈയിൽനിന്നു താഴെവയ്ക്കാനിടയില്ല. പുതുക്കിയ മതപരിവർത്തന നിരോധന നിയമങ്ങൾ, ഗോവധനിരോധനനിയമം, ബുൾഡോസർരാജ്, ആൾക്കൂട്ട ആക്രമണം, പരസ്യവിചാരണ, കള്ളക്കേസുകൾ, മണിപ്പുരിൽ ഉൾപ്പെടെ ക്രൈസ്തവരെ ലക്ഷ്യമിട്ട ആക്രമണങ്ങൾ തുടങ്ങിയവയ്ക്കു പിന്നാലെ ഹിന്ദുത്വ പ്രഖ്യാപിച്ചിരിക്കുന്ന സാന്പത്തിക ആക്രമണമാണിത്.
നിയമവിദഗ്ധരും പ്രതിപക്ഷവും ന്യൂനപക്ഷങ്ങളും ചൂണ്ടിക്കാണിച്ച നിഗൂഢ വകുപ്പുകളെക്കുറിച്ച് ബിജെപിക്കു മറുപടിയില്ല. ക്രൈസ്തവർ ഭയപ്പെടണോ അവരുടെ സ്വത്തുക്കൾ കൈയേറുമോ എന്നതൊന്നുമല്ല വിഷയം; അതിനുള്ള വകുപ്പുകൾ എഫ്സിആർഎയിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ്. വിദേശസംഭാവന തെറ്റായി സ്വീകരിക്കുകയോ വിനിയോഗിക്കുകയോ ചെയ്യുന്നതു തടയാൻ എഫ്സിആർഎ നിയമം നിലവിലുണ്ട്. 1976ൽ ഇന്ദിരാഗാന്ധി കൊണ്ടുവന്ന നിയമം 2010ൽ മൻമോഹൻ സിംഗ് സർക്കാർ പുതുക്കി.
ദുരുപയോഗിച്ചാൽ വിദേശ സംഭാവനകൾ ഉപയോഗിച്ചു സ്വന്തമാക്കിയ ആസ്തികൾ മാനദണ്ഡങ്ങൾ പാലിച്ച് സർക്കാരിന് ഏറ്റെടുക്കാൻ അതിൽ വകുപ്പുണ്ട്. പക്ഷേ, മുൻപുണ്ടായിരുന്ന ഗോവധനിരോധന നിയമവും മതപരിവർത്തനിരോധന നിയമവുമൊക്കെ അക്രമോത്സുകമാക്കിയതുപോലെ എഫ്സിആർഎയും ന്യൂനപക്ഷങ്ങളെ തകർക്കാൻ തക്കവിധം ബിജെപി പുതുക്കുകയാണ്.
ഇനി, വിദേശഫണ്ട് സ്വീകരിക്കുന്നവർക്ക് നിശ്ചിത സമയത്തിനുള്ളിൽ എഫ്സിആർഎ ലൈസൻസ് പുതുക്കിക്കിട്ടാതിരിക്കുകയോ റദ്ദാക്കിയ ലൈസൻസ് പുനഃസ്ഥാപിക്കാതിരിക്കുകയോ മാത്രമല്ല, നിലവിലുള്ള ലൈസൻസ് സറണ്ടർ ചെയ്താൽപോലും ഇത്തരം ഫണ്ട് ഉപയോഗിച്ചു സന്പാദിച്ച ആസ്തികൾ സർക്കാരിനു കണ്ടുകെട്ടാം. ഇതു വിൽക്കാനുമാകും. വിറ്റുകിട്ടുന്ന പണം സർക്കാരിന്റെ സഞ്ചിതനിധിയിലേക്കു മാറ്റും.
ഇതുമായി ബന്ധപ്പെട്ട് സർക്കാർ നിശ്ചയിക്കുന്ന അഥോറിറ്റിക്ക് സിവിൽ കോടതിയുടെ അധികാരവുമുണ്ട്. ഒരു ആസ്തി ഭാഗികമായി മാത്രമാണ് വിദേശ സംഭാവനയിൽനിന്ന് സൃഷ്ടിച്ചതെങ്കിൽ പോലും മുഴുവനും ഏറ്റെടുക്കാമെന്ന് സെക്ഷൻ 16എ(2) വ്യക്തമാക്കുന്നു. ലൈസൻസ് റദ്ദാക്കുന്നിടത്താണ് ‘പണി’ തുടങ്ങുന്നത്. അത് ‘പൊതുജനതാത്പര്യാർഥം’ സർക്കാർ നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥനാണ് തീരുമാനിക്കുന്നത്.
മതപരിവർത്തനം നടത്തിയെന്നാരോപിച്ചുള്ള കേസിൽ ഒരു വ്യക്തിയോ സംഘടനയോ വിചാരണ ചെയ്യപ്പെടുകയാണെങ്കിലും ലൈസൻസ് റദ്ദാക്കാം. ഏതെങ്കിലുമൊരു സംഘപരിവാർ സംഘടനയ്ക്ക് മതപരിവർത്തനം ആരോപിച്ച് പോലീസ് സ്റ്റേഷനിലോ കോടതിയിലോ ഒരു പരാതി കൊടുക്കാനാണോ വിഷമം! ലൈസൻസ് റദ്ദാക്കാനിരിക്കുന്ന ഉദ്യോഗസ്ഥൻ സർക്കാരിന്റെയും സംഘപരിവാറിന്റെയും താത്പര്യങ്ങളെ തള്ളിക്കളയുമോയെന്നത് ചിന്തിച്ചാൽ മതി.
ഒരു വ്യക്തി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സ്വമേധയാ തിരികെ നൽകിയാലും രക്ഷയില്ല. ആ വ്യക്തിയുടെ പക്കൽ അവശേഷിക്കുന്ന മുഴുവൻ വിദേശ സംഭാവനയും അതിൽനിന്ന് സൃഷ്ടിക്കപ്പെട്ട ആസ്തികളും നിർദിഷ്ട അഥോറിറ്റിയിൽ നിക്ഷിപ്തമാകും. വിദേശസംഭാവന വേണ്ടെന്നു വച്ചാലും രക്ഷയില്ല. ക്ലോസ് 16എ(1)(ബി) പ്രകാരം, വിദേശ സംഭാവനയിൽനിന്നുണ്ടായ എല്ലാ ആസ്തികളും സംഭാവനബാക്കിയും ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള ആസ്തികളും അഥോറിറ്റിക്ക് കണ്ടുകെട്ടാം.
എന്താല്ലേ, ബിജെപിക്കാലത്തെ വിചിത്ര നിയമങ്ങൾ! മടിയിൽ കനമുള്ളവനല്ലേ പേടിക്കേണ്ടതുള്ളൂ? തട്ടിപ്പു നടത്തിയിട്ടില്ലെങ്കിൽ, വിദേശസംഭാവനകൾ സ്വന്തം കാര്യത്തിനും മതപരിവർത്തനത്തിനുമൊക്കെ ഉപയോഗിച്ചിട്ടില്ലെങ്കിൽ നിയമത്തെ എതിർക്കുന്നത് എന്തിന്? ഇതു ക്രൈസ്തവർക്കും മുസ്ലിംകൾക്കും മാത്രമല്ലല്ലോ, എല്ലാവർക്കും ബാധകമല്ലേ? അവർക്കൊന്നും പ്രശ്നമില്ലല്ലോ... സംഘമനസുള്ള ‘നിഷ്പക്ഷ നിരീക്ഷകരും’ സമൂഹമാധ്യമ ‘നിഷ്കളങ്കരു’മൊക്കെ ആവർത്തിക്കുകയാണ്.
ന്യൂനപക്ഷ വിരുദ്ധതകളെ വെള്ളപൂശാൻ ഇറക്കുന്ന സ്ഥിരം ചോദ്യങ്ങളാണിവ. എഫ്സിആർഎയുടെ കാര്യമെടുത്താൽ, തങ്ങൾക്ക് ഇഷ്ടമില്ലാത്തവരുടെ ലൈസൻസ് റദ്ദാക്കുന്നതുപോലെ തങ്ങൾക്ക് ഇഷ്ടമുള്ളവരുടെ ലൈസൻസ് റദ്ദാക്കാതിരിക്കാനും സ്വത്തു കണ്ടുകെട്ടാതിരിക്കാനുമൊക്കെ നിയമത്തിൽ പഴുതിട്ടിട്ടുണ്ട്. പൊതുതാത്പര്യം മുൻനിർത്തി അത്തരം ഒരു ഒഴിവാക്കൽ ആവശ്യമാണെന്ന് സർക്കാർ കരുതുന്നെങ്കിൽ, ഏതെങ്കിലും സംഘടനയെയോ സംഘടനകളുടെ വിഭാഗത്തെയോ വ്യക്തിയെയോ ഈ ബില്ലിന്റെ പരിധിയിൽനിന്ന് ‘വകുപ്പ് 16-എൽ’ ഉപയോഗിച്ച് ഒഴിവാക്കാം.
മതപരിവർത്തനം ആരോപിച്ച് ക്രൈസ്തവരെ ആക്രമിക്കുന്പോൾ ഘർവാപ്പസി എന്ന സംഘപരിവാർ മതപരിവർത്തനത്തെ ഒഴിവാക്കുന്നതും, അഴിമതിക്കെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണ ഏജൻസികൾ ബിജെപിയെയും സഖ്യ കക്ഷികളെയും ബിജെപിയിലേക്കു വരുന്ന അഴിമതിക്കാരെയും ഒഴിവാക്കുന്നതുമൊക്കെ ഈ രാജ്യത്താണ്. തെരഞ്ഞെടുപ്പ് ശുദ്ധീകരിക്കാൻ വോട്ടർപട്ടിക പരിഷ്കരിക്കാനിറങ്ങിയിരിക്കുന്ന കമ്മീഷൻ കള്ളവോട്ട് ചൂണ്ടിക്കാണിക്കുന്ന പ്രതിപക്ഷത്തോടു കയർക്കുന്നതും ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങൾ ഒഴിവാക്കുന്നതും ഈ രാജ്യത്തുതന്നെയാണ്.
സംഘപരിവാർ മിത്രങ്ങളാരും എഫ്സിആർഎയുടെ കണ്ടുകെട്ടലിലും പെടില്ല. എഫ്സിആർഎ ലക്ഷ്യമിടുന്നത് മതപരിവർത്തനക്കാരെ തന്നെയാണെന്ന് വളച്ചുകെട്ടൊന്നുമില്ലാതെ ലോക്സഭയിൽ പറഞ്ഞത് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ്. അതു തെറ്റാണെന്നു കരുതാൻ 12 വർഷത്തിനിടെ നമുക്ക് ഉദാഹരണങ്ങളില്ല. വിദ്യാഭ്യാസം, ആതുരശുശ്രൂഷ, ജീവകാരുണ്യം, ദാരിദ്ര്യോച്ഛാടനം, സ്വാതന്ത്ര്യസമരം, നവോത്ഥാനം... എന്നിങ്ങനെ രാഷ്ട്രനിർമാണത്തിലെ സജീവപങ്കാളികളാണ് ക്രൈസ്തവർ.
പക്ഷേ, അതൊക്കെ ദുർവ്യാഖ്യാനം ചെയ്ത് ക്രൈസ്തവരെ സംശയനിഴലിലാക്കുകയും ആക്രമിക്കുകയും ചെയ്യുന്ന വിഭജനരാഷ്ട്രീയം ശക്തി പ്രാപിക്കുകയാണ്. ബിജെപി അധികാരത്തിലെത്തിയതോടെ പശ്ചിമബംഗാളിലും ക്രൈസ്തവർ ആക്രമിക്കപ്പെടുന്നു. മിക്ക ബിജെപി സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങൾ അരക്ഷിതരായിരിക്കേ എഫ്സിആർഎ മതേതര ഇന്ത്യ നേരിടുന്ന പുതിയ വെല്ലുവിളിയാണ്. ബിൽ പിൻവലിക്കണമെന്ന് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാട് നിയമസഭ ഇതിനെതിരേ പ്രമേയം പാസാക്കി.
വിദൂര ഗോത്രമേഖലകളിൽ ഏറ്റവും വലിയ വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത് ക്രിസ്ത്യൻ സ്ഥാപനങ്ങളാണെന്നും വെറും ഉറപ്പല്ല, നിയമപരമായ വ്യക്തതയാണ് വേണ്ടതെന്നും മേഘാലയ ബിജെപി എംഎൽഎ എ.എൽ. ഹെക്ക് ആവശ്യപ്പെട്ടു. നിയമവിദഗ്ധർ ഈ വിചിത്ര നിയമത്തിനെതിരേ രംഗത്തു വന്നു. പ്രമുഖ മാധ്യമങ്ങൾ പിഴവുകൾ ചൂണ്ടിക്കാണിച്ചു. ബിജെപിയും കുഴലൂത്തുകാരും മാത്രം സമ്മതിക്കില്ല.
വർഗീയതയും വിഭാഗീയതയും ന്യൂനപക്ഷവിരുദ്ധ സാന്പത്തികാക്രമണവും ആരോപിക്കപ്പെടുന്ന ഈ ബിൽ തയാറാക്കിയ കൈകൾകൊണ്ട് ദേശീയപതാക ഉയർത്തുന്നത് ഐക്യത്തിനും അഖണ്ഡതയ്ക്കും മതേതരത്വത്തിനുംവേണ്ടി ജീവത്യാഗം ചെയ്ത സ്വാതന്ത്ര്യസമരസേനാനികളോടുള്ള നിന്ദയാകും.