എഫ്.സി.ആര്‍.എ ഭേദഗതി,സന്നദ്ധ-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തരുത്: മാര്‍ റാഫേല്‍ തട്ടില്‍

 
Mar raphel

കാക്കനാട്: വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (FCRA) കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ നിർദ്ദേശിച്ചിരിക്കുന്ന പുതിയ ഭേദഗതികൾ സുതാര്യമായി പ്രവർത്തിക്കുന്ന സന്നദ്ധ-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യം തടസ്സപ്പെടുത്താത്ത രീതിയിലായിരിക്കണമെന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ.

 കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന നിയന്ത്രണങ്ങൾ  നിയമവിധേയമായി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളെയും ക്രൈസ്തവ സഭകളുടെ  ജീവകാരുണ്യ   പ്രവർത്തനങ്ങളെയും    തകർക്കാൻ ഉദ്ദേശിച്ചുള്ളതാകരുത്. 

ഈ വിഷയത്തിൽ ഇതിനോടകം പ്രതികരിച്ച എല്ലാ ക്രൈസ്തവ സഭാധ്യക്ഷന്മാരുടെയും  അഭിപ്രായങ്ങളോടു യോജിച്ചുകൊണ്ടു പ്രസ്തുത  നിയമഭേദഗതിയുമായി ബന്ധപ്പെട്ടു ഉയർന്നുവന്നിട്ടുള്ള ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് മാർ റാഫേൽ തട്ടിൽ ആവശ്യപ്പെട്ടു


പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി ക്രൈസ്തവസഭകൾ  നടത്തുന്ന കാരുണ്യപ്രവർത്തനങ്ങൾ ഭാരതത്തിന്റെ സാമൂഹിക വികസന ചരിത്രത്തിൽ നിർണായകമാണെന്നു ഭരണാധികാരികൾത്തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ള വസ്തുതയാണ്. അശരണർക്കും ആലംബഹീനർക്കുമായി സഭ നടത്തുന്ന അഗതിമന്ദിരങ്ങൾ, പാലിയേറ്റീവ് കെയർ സെന്ററുകൾ, ഭിന്നശേഷി പുനരധിവാസകേന്ദ്രങ്ങൾ, എയ്ഡ്സ് രോഗികളുടെ പരിചരണ കേന്ദ്രങ്ങൾ, സൗജന്യ ഡയാലിസിസ് യൂണിറ്റുകൾ തുടങ്ങിയവ ജാതിമത ഭേദമന്യേ ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസമേകുന്നുണ്ട്.

തദ്ദേശീയരായ  ഉപകാരികളുടെ സഹായത്തിനൊപ്പം വിദേശ ഫണ്ടുകളും ഉപയോഗിച്ചാണ്  ഗ്രാമങ്ങളിൽ പോലും മികവുറ്റ ആരോഗ്യസേവനങ്ങളും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ഉറപ്പാക്കാൻ സഭയ്ക്കു സാധിക്കുന്നത്. 

സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെട്ടവരെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിനായി നിയമപരമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് നടത്തുന്ന ഇത്തരം സേവനങ്ങൾ തടസപ്പെടുത്തുന്നത് പാവപ്പെട്ടവരോടും പാർശ്വവത്ക്കരിക്കപ്പെട്ടവരോടുമുള്ള  ദ്രോഹമാണെന്നും മേജർ ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു.


റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിലെ ചെറിയ കാലതാമസമോ, ഓഡിറ്റിംഗിലെ സാങ്കേതികമായ പിഴവുകളോ മുൻനിർത്തി ലൈസൻസ് റദ്ദാക്കുക, ആസ്തികൾ കണ്ടുകെട്ടുക തുടങ്ങിയ കടുത്ത നടപടികൾ സ്വീകരിക്കാനുള്ള നീക്കം  സംശയാസ്പദമാണ്. സന്നദ്ധ സംഘടനകളുടെയും മതസ്ഥാപനങ്ങളുടെയും സേവനങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്താതെ, അവരെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള നിയമനിർമാണമാണ്   ഉണ്ടാകേണ്ടതെന്നും മാർ റാഫേൽ തട്ടിൽ പിതാവ് പറഞ്ഞു.

നാളെ ഈ വിഷയം പാർലമെന്റിൽ ചർച്ചയ്ക്കു വരുന്ന സാഹചര്യത്തിൽ കേരളത്തിൽനിന്നുള്ള പാർലമെന്റ് അംഗങ്ങൾ  പൊതുനന്മ കണക്കിലെടുത്തു ചർച്ചകളിൽ ക്രിയാത്മകമായി പങ്കെടുക്കണമെന്നും മേജർ ആർച്ചുബിഷപ്പ് അഭ്യർത്ഥിച്ചു.
ഫാ. ടോം ഓലിക്കരോട്ട്,
പി. ആർ. ഓ., സീറോമലബാർസഭ 
31  മാർച്ച് 2026

Tags

Share this story

From Around the Web