എഫ്‌സിആർഎ നിയമഭേദഗതി ന്യൂനപക്ഷ മതവിഭാഗങ്ങൾക്ക് ഇടയിൽ ആശങ്കയുണ്ടാക്കുന്നു, കേന്ദ്രം പിന്മാറണം- പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ (എഫ്‌സിആർഎ) നിയമ ഭേദഗതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമഭേദഗതി ന്യൂനപക്ഷ മതവിഭാഗങ്ങൾക്കിടയിൽ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമഭേദഗതിയിൽ നിന്ന് കേന്ദ്രം പിന്തിരിയണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഭേദഗതി ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലാക്കുമെന്നും ജീവജീവകാരുണ്യ സംഘടനകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു. തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
എഫ്‌സിആര്‍എ ഭേദഗതിക്ക് എതിരെ ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയും രംഗത്തെത്തിയിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്നും സഭയുടെ സാമൂഹിക പ്രവർത്തനങ്ങളെ ബാധിക്കുമെന്നും കാതോലിക്ക ബാവ പറഞ്ഞു. നിലവിലുള്ള നിയമങ്ങൾ കർശനമാണ്. അത് കൃത്യമായി പാലിച്ചാണ് കാര്യങ്ങൾ ചെയ്യുന്നത്. പുതിയ നിയമം ആശങ്കയാണ്. സഭയെ വലിയ നിലയിൽ ബുദ്ധിമുട്ടിക്കുന്നതാണ് പുതിയ നിയമം
സഭകൾ ഇതുവരെ ചെയ്തതും ചെയ്ത് കൊണ്ടിരിക്കുന്നതും മുടങ്ങുന്ന സ്ഥിതിയാണുള്ളത്. നിലവിൽ സഭയുടെ പല കാര്യങ്ങളും ബ്ലോക്ക് ചെയ്ത് അവസ്ഥയിലാണ്. രാജീവ് ചന്ദ്രശേഖർ വന്ന് കണ്ടപ്പോൾ വിഷയം പറഞ്ഞുവെന്നും എന്നാൽ പരിഹാരം ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.