എഫ് സി ആർ എ ഭേദഗതി ബിൽ ഉടൻ റദ്ദാക്കണം, ഭേദഗതിക്ക് കേന്ദ്രം ഒരുങ്ങുന്നത് കൂടിയാലോചനകള്‍ ഇല്ലാതെ; പ്രധാനമന്ത്രിക്ക് കത്തയച്ച് എം എ ബേബി
എഫ് സി ആർ എ ഭേദഗതി ബിൽ ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി.
ഭേദഗതിക്ക് കേന്ദ്രം ഒരുങ്ങുന്നത് കൂടിയാലോചനകള്‍ ഇല്ലാതെയെന്ന് അദ്ദേഹം പറഞ്ഞു. ഭേദഗതികൾ അമിത നിയന്ത്രണം ഏർപ്പെടുത്തുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.
അന്വേഷണത്തിന് മുൻകൂർ അനുമതി തേടുന്നത് ഫെഡറൽഘടനയെ ദുർബലപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഭേദഗതി സംഘടനകളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാണ്. എഫ് സി ആർ എ നിയമങ്ങൾ രാജ്യത്തെ ന്യൂനപക്ഷങ്ങളെ ബാധിക്കും.
വിഷയത്തിൽ പാർലമെന്റിൽ ആവശ്യമായ ചർച്ച വേണം.
ഭേദഗതി നടപ്പിലാക്കുന്നതിന് മുമ്പ് ന്യൂനപക്ഷ സ്ഥാപനങ്ങൾ, നിയമ വിദഗ്ധർ എന്നിവരുമായി കൂടിയാലോചന നടത്തണമെന്നും കത്തിൽ എം എ ബേബി ആവശ്യപ്പെട്ടു.
അതേസമയം, രാജ്യത്തെ എൻ.ജി.ഒകളുടെയും ചാരിറ്റി ഗ്രൂപ്പുകളുടെയും പ്രവർത്തനത്തിലുള്ള കടന്നുകയറ്റമാണ് പുതിയ എഫ്.സി.ആർ.എ ഭേദഗതിയെന്ന് സി.ബി.സി.ഐ പ്രതികരിച്ചു.
ഭരണഘടനയിലെ പല മൗലികാവകാശങ്ങളുടെ ലംഘനമാണ് ബില്ലിലെ പല വ്യവസ്ഥകളെന്നും സഭ വിമർശിച്ചു.
ന്യൂനപക്ഷ വിഭാഗങ്ങളെയും സന്നദ്ധ സേവന രംഗത്ത് പ്രവർത്തിക്കുന്നവരെയും ലക്ഷ്യം വെച്ചുള്ള നീക്കമാണിത് .
എഫ്.സി.ആർ.എ അംഗീകാരം നഷ്ടപ്പെട്ടാൽ സംഘടനകളുടെ സ്വത്തുവകകൾ സർക്കാരിന് ഏറ്റെടുക്കാമെന്ന വ്യവസ്ഥയിൽ സഭ കടുത്ത ആശങ്ക രേഖപ്പെടുത്തി.