അച്ഛന്‍ മരിച്ചിട്ടും സംസ്‌കരിച്ചില്ല, കാരണമറിഞ്ഞ പോലീസും ബന്ധുക്കളും ഞെട്ടി, 4 വര്‍ഷം ഫ്രീസറില്‍ സൂക്ഷിച്ചു, മാസം 1.6 ലക്ഷം ചെലവ്
മുംബൈ: മരിച്ച അച്ഛന്‍ ഒരിക്കല്‍ കൂടി ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ മൃതദേഹം സംസ്‌കരിക്കാതെ വര്‍ഷങ്ങളോളം സൂക്ഷിച്ച സംഭവമാണ് മുംബൈ മലാഡില്‍ പുറത്തുവന്നത്. 2022 ജൂണില്‍ മരിച്ച 78കാരന്റെ മൃതദേഹം മലാഡ് ഈസ്റ്റിലെ അടച്ചിട്ട ഡേ കെയര്‍ സെന്ററിലെ ഫ്രീസറില്‍ ഏകദേശം നാല് വര്‍ഷമാണ് സൂക്ഷിച്ചിരുന്നത്. പൂട്ടിയിട്ട കേന്ദ്രത്തില്‍ നിന്ന് ശക്തമായ ദുര്‍ഗന്ധം ഉയര്‍ന്നതോടെ പ്രദേശവാസികള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
അച്ഛനുമായി ഏറെ അടുപ്പമുണ്ടായിരുന്ന മകള്‍ മൃതദേഹം സംരക്ഷിച്ച് ഭാവിയില്‍ പുനര്‍ജീവിപ്പിക്കാമെന്ന പ്രതീക്ഷയിലായിരുന്നുവെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ താമസിക്കുന്ന മകള്‍ സഹോദരനൊപ്പം മൃതദേഹം സംരക്ഷിക്കാന്‍ തീരുമാനിച്ചതായും ഇതിനായി പ്രതിമാസം ഏകദേശം 1.6 ലക്ഷം രൂപ ചെലവഴിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വിദേശത്തുള്ള മൃതദേഹം സംരക്ഷിക്കുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് മൃതദേഹം പിന്നീട് അമേരിക്കയിലേക്ക് മാറ്റാനും ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മരിച്ചയാളുടെ മരണകാരണം സംബന്ധിച്ച് റിപ്പോര്‍ട്ടുകളില്‍ ചെറിയ വ്യത്യാസമുണ്ട്. ചില റിപ്പോര്‍ട്ടുകള്‍ 2022 ജൂണിലെ ഹൃദയാഘാതമാണ് മരണകാരണമെന്ന് വ്യക്തമാക്കുമ്പോള്‍, പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള മറ്റൊരു റിപ്പോര്‍ട്ടില്‍ കാന്‍സറിന് പിന്നാലെ ഹൃദയാഘാതമുണ്ടായെന്നാണ് പറയുന്നത്. മരണത്തില്‍ അസ്വാഭാവികത കണ്ടെത്തിയിട്ടില്ലെന്നും ദീര്‍ഘകാലം മൃതദേഹം സൂക്ഷിച്ചിരുന്നത് അസാധാരണമായ കാര്യമാണെന്നും പൊലീസ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. കുടുംബം മരണ സര്‍ട്ടിഫിക്കറ്റും ബി.എം.സി.ക്ക് നല്‍കിയ രേഖകളും പൊലീസിന് കൈമാറിയിട്ടുണ്ട്.
സംഭവത്തില്‍ മൃതദേഹം എങ്ങനെ ഇത്രയും കാലം സൂക്ഷിച്ചുവെന്നും ഡേ കെയര്‍ സെന്റര്‍ അധികൃതര്‍ക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുകയാണ്. മൃതദേഹത്തിന്റെ നിലവിലെ അവസ്ഥ പരിശോധിക്കാന്‍ മുംബൈയിലെ കൂപ്പര്‍ ആശുപത്രിയിലെ വിദഗ്ധരുമായി പൊലീസ് ആശയവിനിമയം നടത്തുന്നുണ്ട്. മൃതദേഹം ദീര്‍ഘകാലം സൂക്ഷിക്കുന്ന രീതിയായ ക്രയോണിക്‌സ് ഇന്ത്യയില്‍ നിയമപരമായോ ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ട ചികിത്സാ രീതിയായോ നിലവിലില്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ നിയമപരമായ തുടര്‍നടപടികള്‍ പരിശോധിച്ചുവരികയാണ്.