ജീവനോടെ അച്ഛനെ ശവപ്പെട്ടിയിലാക്കും; ഏഴുവയസുകാരന്റെ ഹോബി,ശവസംസ്‌കാര മേഖലയിലെ മികച്ച സംരംഭകനായി കുട്ടി മാറുമെന്ന് സോഷ്യല്‍മീഡിയ
ബെയ്ജിങ്: നമ്മുടെ നാട്ടില്‍ ശവ സംസ്‌കാര ശുശ്രൂഷ ഹോബിയാക്കിയാല്‍ എന്ത് സംഭവിക്കും. അമ്മയുടെ കയ്യില്‍ നിന്ന് നല്ല അടി കിട്ടും. പക്ഷേ ബെയ്ജിങ്ങില്‍ ഈ ഹോബിയെ പ്രോത്സാഹിപ്പിക്കുകയാണ് മാതാപിതാക്കള്‍.
ചൈനയില്‍ ഏഴുവയസുകാരന്റെ വിചിത്രമായ ഹോബി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ അനുകരിച്ചാണ് കുട്ടിയുടെ കളി. ചെറിയ ശവപ്പെട്ടികള്‍, കടലാസുകൊണ്ടുള്ള റീത്തുകള്‍, മരണാനന്തര ചടങ്ങുകള്‍ക്കുള്ള അലങ്കാരങ്ങള്‍ എന്നിവയെല്ലാം ഒരുക്കിയാണ് കുട്ടി അന്ത്യകര്‍മങ്ങള്‍ നടത്തുന്നത്. സൗത്ത് ചൈന മോണിങ് പോസ്റ്റാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
വാങ് എന്ന കുടുംബപ്പേരുള്ള പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് വ്യത്യസ്തമായ ഈ വിനോദത്തിലൂടെ ശ്രദ്ധ നേടുന്നത്. കുട്ടിയുടെ അമ്മയായ മാ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോകളിലാണ് ചടങ്ങുകളുടെ ദൃശ്യങ്ങളുള്ളത്. കുടുംബസംഗമങ്ങള്‍ പോലും കുട്ടി ശവസംസ്‌കാര ചടങ്ങുകളുടെ മാതൃകയിലുള്ള കളികളാക്കി മാറ്റാറുണ്ട്. ചടങ്ങുകളില്‍ പുരോഹിതന്റെ വേഷം കൈകാര്യം ചെയ്യുന്നത് കുട്ടിയാണ്. അച്ഛന്‍ മരിച്ചയാളായും അഭിനയിക്കും.
ക
മരിച്ചയാള്‍ക്ക് മുന്നില്‍ നിന്ന് കരയുന്ന ചൈനയിലെ പരമ്പരാഗത ആചാരമായ കു ലിങ് അനുകരിക്കുകയും മാതാപിതാക്കളുടെ ഫോണില്‍ ശവസംസ്‌കാര സംഗീതം പ്ലേ ചെയ്യുകയും ചെയ്യും. ഇഷ്ടികകള്‍ ഉപയോഗിച്ച് ശവസംസ്‌കാര കൂടാരങ്ങളും നിര്‍മിക്കാറുണ്ട്.നാലാം വയസില്‍ ഒരു ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതോടെയാണ് കുട്ടിക്ക് ഈ താല്‍പര്യം ഉടലെടുത്തത്. എന്നാല്‍ കിന്റര്‍ഗാര്‍ട്ടന്‍ അധ്യാപിക ഒരു ദിവസം കുട്ടിയുടെ സ്‌കെച്ച്ബുക്ക് നിറയെ ശവസംസ്‌കാര പുഷ്പചക്രങ്ങളുടെ ചിത്രങ്ങളാണെന്ന് അറിയിച്ചതോടെയാണ് മാതാപിതാക്കള്‍ താല്‍പര്യത്തിന്റെ ആഴം തിരിച്ചറിഞ്ഞത്.
കുട്ടിയുടെ ഇഷ്ടത്തെ നിരുത്സാഹപ്പെടുത്തുന്നതിന് പകരം പിന്തുണയ്ക്കാനാണ് മാതാപിതാക്കള്‍ തീരുമാനിച്ചത്. ഓരോ കുട്ടിക്കും ഓരോ തരം ഇഷ്ടങ്ങളുണ്ടെന്നും മകന്റെ ഇഷ്ടം അല്‍പം വ്യത്യസ്തമാണെന്നുമാണ് അമ്മ മാ പറയുന്നത്. കുടുംബത്തില്‍ ആര്‍ക്കും ഇതില്‍ അസ്വാഭാവികതയൊന്നും തോന്നിയില്ലെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം, സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതിനായി കുടുംബം കുട്ടിയെ ഈ വിനോദത്തിലേക്ക് പ്രേരിപ്പിച്ചിട്ടില്ലെന്നും അമ്മ വ്യക്തമാക്കി. ചടങ്ങുകളെക്കുറിച്ചുള്ള പല കാര്യങ്ങളും ഓണ്‍ലൈന്‍ വീഡിയോകള്‍ കണ്ടാണ് കുട്ടി സ്വയം പഠിച്ചത്.
മാതാപിതാക്കള്‍ ഇതൊന്നും പഠിപ്പിച്ചിട്ടില്ലെന്ന് കുട്ടി തന്നെ പരസ്യമായി വ്യക്തമാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. കുട്ടിയുടെ വ്യത്യസ്തമായ ഹോബി സമൂഹമാധ്യമങ്ങളില്‍ രസകരമായ പ്രതികരണങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. ഭാവിയില്‍ ശവസംസ്‌കാര മേഖലയിലെ മികച്ച സംരംഭകനായി കുട്ടി മാറുമെന്നായിരുന്നു ചിലരുടെ തമാശ.