നാലു മക്കളെ ഒറ്റയ്ക്ക് വളർത്തിയ പിതാവ്: ഒടുവിൽ വൃദ്ധസദനത്തിലേക്ക്, അന്തിമയാത്രയിലും മക്കളെത്തിയില്ല!
ചെറിയൊരു സൈക്കിൾ ടയർ കട നടത്തി, ഭാര്യയുടെ വേർപാടിന് ശേഷവും തന്റെ നാല് മക്കളെ സ്നേഹത്തോടെയും ഉത്തരവാദിത്തത്തോടെയും വളർത്തി വലുതാക്കിയ ഒരു പിതാവിന്റെ അവസാന യാത്രയിൽ മക്കളാരും എത്തിയില്ല. ഇൻഡോറിൽ ചെറിയൊരു വീടുണ്ടായിരുന്ന ഘൻശ്യാം എന്ന 70-കാരൻ, സ്വന്തം വസ്തുവകകൾ വിറ്റ് മക്കൾക്ക് പണം വീതിച്ചു നൽകിയ ശേഷമാണ് ഒറ്റയ്ക്കായത്. മക്കളുടെ സ്നേഹവും കരുതലും നഷ്ടപ്പെട്ട അദ്ദേഹം തന്റെ അവസാനത്തെ നാല് വർഷങ്ങൾ ഭോപ്പാലിലെ ‘അപ്നാ ഘർ’ എന്ന വൃദ്ധസദനത്തിലാണ് കഴിച്ചുകൂട്ടിയത്. ശരീരത്തിന്റെ ഒരു ഭാഗം തളർന്ന് സംസാരിക്കാൻ പോലും ബുദ്ധിമുട്ടിയ അവസ്ഥയിൽ വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് സന്നദ്ധപ്രവർത്തകർ അദ്ദേഹത്തെ വൃദ്ധസദനത്തിൽ എത്തിച്ചത്.
ഓഗസ്റ്റ് നാലിന് ഘൻശ്യാം മരണമടഞ്ഞു. മക്കളെ വിവരമറിയിച്ച് രണ്ട് ദിവസത്തോളം വൃദ്ധസദനാധികൃതർ കാത്തിരുന്നെങ്കിലും ആരും അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ പോലും എത്തിയില്ല. ഓരോരുത്തരും ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയും, ചടങ്ങുകൾ നടത്തി ഡെത്ത് സർട്ടിഫിക്കറ്റ് അയച്ചുനൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. വസ്തുവകകൾ തുല്യമായി വീതിച്ചില്ലെന്നും തങ്ങൾക്ക് അച്ഛൻ ഒന്നും ചെയ്തു നൽകിയില്ലെന്നുമുള്ള സ്വാർത്ഥമായ ന്യായങ്ങളാണ് മക്കൾ നൽകിയത്. ഒടുവിൽ ബന്ധുക്കളുടെ അഭാവത്തിൽ പൊലീസിന്റെ സഹായത്തോടെ വൃദ്ധസദനത്തിലെ അധികൃതർ തന്നെ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കി.
ജീവിച്ചിരുന്നപ്പോഴും മരണശേഷവും അച്ഛനെ തിരിഞ്ഞുനോക്കാത്ത മക്കൾക്ക് ഡെത്ത് സർട്ടിഫിക്കറ്റ് വിട്ടുനൽകില്ലെന്ന നിലപാടിലാണ് വൃദ്ധസദനം നടത്തുന്ന മാധുരി മിശ്ര. പണ്ട് ഒരു അച്ഛന് നാല് മക്കളെ വളർത്താൻ സാധിച്ചിരുന്നുവെങ്കിൽ, ഇന്ന് നാല് മക്കൾക്ക് ചേർന്ന് ഒരു അച്ഛനെ നോക്കാൻ സാധിക്കുന്നില്ലെന്ന യാഥാർത്ഥ്യം ഏറെ വേദനയുണ്ടാക്കുന്നതാണ്.