വിവാഹാലോചന നിരസിച്ചതിന് അച്ഛനേയും മകനേയും കെട്ടിയിട്ട് മര്‍ദിച്ച സംഭവം: പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്
തിരുവനന്തപുരം വെള്ളല്ലൂരില്‍ മകളുമായുള്ള വിവാഹാലോചന നിരസിച്ചതിന് അച്ഛനേയും മകനേയും കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ സഞ്ചരിച്ച ബൈക്ക് ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തി.
കിളിമാനൂര്‍ കാനാറയിലെ ഒഴിഞ്ഞ പുരയിടത്തില്‍ നിന്നാണ് ബൈക്ക് കണ്ടെത്തിയത്. പ്രതികള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസുമിറക്കി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വടശേരിക്കോണം സ്വദേശിയായ അനില്‍കുമാറിനും മകന്‍ അച്ചുവിനും മര്‍ദനമേറ്റത്. മകളുമായുള്ള വിവാഹാലോചന നിരസിച്ച വൈരാഗ്യത്തിലാണ് ആദ്യം അനില്‍കുമാറിനെയും പിന്നീട് മകനെയും കിളിമാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രധാന പ്രതി സുധീഷിന്റെ ബന്ധു വീട്ടിലേക്ക് വിളിച്ചു വരുത്തി ചങ്ങല കൊണ്ട് ബന്ധിച്ചു മണിക്കൂറുകളോളം കെട്ടിയിട്ടു മര്‍ദ്ദിച്ചത്. രാവിലെ 10 മണിയോടെ തുടങ്ങിയ പീഡനം സന്ധ്യവരെ തുടര്‍ന്നുവെന്നായിരുന്നു അനില്‍കുമാറിന്റെ മൊഴി.
പണിതീരാത്ത വീടിന്റെ അകത്ത് അലുമിനിയം ഷീറ്റും കണ്ണാടിയിലും തീര്‍ത്ത പ്രത്യേക ഇടിമുറി ഒരുക്കിയായിരുന്നു ക്രൂര പീഡനം.പ്രതികള്‍ ഉപയോഗിച്ചിരുന്ന ബൈക്ക് കുറവന്‍കുഴി-അടയമണ്‍ റോഡിനു സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ച നിലയിലാണ് പോലീസ് കണ്ടെത്തിയത്.ബൈക്ക് ഒന്നാം പ്രതി സുധീഷിന്റെ സുഹൃത്തിന്റേതാണ്.പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് അന്വേഷണ സംഘം സംശയിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തിലാണ് നാല് പ്രതികള്‍ക്കായി ലുക്ക് ഔട്ട് ഇറക്കിയത്.
പ്രധാന പ്രതി സുധീഷ്,ആരോമല്‍,ലാല്‍കൃഷ്ണ,അരുണ്‍ എന്നിവര്‍ക്ക് വേണ്ടിയാണ് ലുക്ക് ഔട്ട്. അതിക്രമം നടന്ന വീട്ടില്‍ നിന്നും നാടന്‍ ബോംബ്,കത്തി,കട്ടിങ് പ്ലെയര്‍,വെടിമരുന്ന്,ഇരുമ്പ് വടികള്‍ ചങ്ങലകള്‍ എന്നിവ പോലീസ് കണ്ടെടുത്തിരുന്നു.