പിതാവ് വൃദ്ധസദനത്തിൽ മരിച്ചു, സംസ്കാര ചടങ്ങിനെത്താത്ത മക്കൾ 5100 രൂപ അയച്ചുനൽകി വീഡിയോ ആവശ്യപ്പെട്ടു
ഹരിയാനയിലെ സോനിപ്പത്തിൽ വൃദ്ധസദനത്തിൽ മരിച്ച പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ തയ്യാറാകാതെ മക്കൾ. മുംബൈ സ്വദേശിയായ ശിവ്ചരൺ റാം റതൻ ഗുപ്ത എന്ന ടെക്സ്റ്റൈൽ വ്യാപാരിയാണ് സോനിപ്പത്തിലെ വെസ്റ്റ് റാം നഗറിലുള്ള സമാജ് കല്യാൺ ശിക്ഷാ സമിതി വൃദ്ധസദനത്തിൽ അന്തരിച്ചത്. ഭാര്യ മീനയ്‌ക്കൊപ്പം ഒന്നര വർഷം മുൻപാണ് ഇദ്ദേഹം ഇവിടെയെത്തിയത്. മീന നേരത്തെ മരണപ്പെട്ടിരുന്നു.
മുംബൈ, ഉത്തർപ്രദേശ്, നേപ്പാൾ എന്നിവിടങ്ങളിലാണ് ഇദ്ദേഹത്തിന്റെ മക്കൾ കഴിയുന്നത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ശിവ്ചരൺ മരണപ്പെട്ടത്. വിവരം അറിയിച്ചയുടൻ സോനിപ്പത്തിലേക്ക് എത്താനാകില്ലെന്ന് മൂന്ന് പെൺമക്കളും വൃദ്ധസദന അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് സംസ്കാര ചടങ്ങുകൾ ഇവർ വീഡിയോ കോളിലൂടെയാണ് കണ്ടത്. നേപ്പാളിൽ അധ്യാപികയായി ജോലി ചെയ്യുന്ന മകളാണ് സംസ്കാര ചടങ്ങുകൾക്കായി 5100 രൂപ അയച്ചുനൽകിയത്. ചടങ്ങുകൾ പൂർത്തിയായ ശേഷം അതിന്റെ വീഡിയോ അയച്ചുനൽകണമെന്നും മക്കൾ ആവശ്യപ്പെട്ടതായി വൃദ്ധസദന അധികൃതർ വ്യക്തമാക്കി.
ശിവ്ചരൺ ഗുരുതരാവസ്ഥയിലായതിനുശേഷം മക്കൾ ആരും ഫോണിൽ പോലും ബന്ധപ്പെട്ടിരുന്നില്ലെന്ന് വൃദ്ധസദനം ജീവനക്കാർ പറയുന്നു. മരണത്തിന് 20 ദിവസം മുൻപ് തന്നെ ഇദ്ദേഹത്തിന്റെ ആരോഗ്യനില വളരെ മോശമാണെന്ന് മൂന്ന് പുത്രിമാരെയും ഔദ്യോഗികമായി അറിയിച്ചിരുന്നതായും അധികൃതർ കൂട്ടിച്ചേർത്തു. കുടുംബബന്ധങ്ങളിലെ തകർച്ചയെക്കുറിച്ചും പ്രായമായവർ നേരിടുന്ന അതിഭീകരമായ ഒറ്റപ്പെടലിനെക്കുറിച്ചും വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.