ഉപഭോക്താക്കൾക്കിനി അതിവേഗ പരിഹാരം. അത്യാധുനിക സൗകര്യങ്ങളുമായി കെ-ഫോൺ ടെക്‌നിക്കൽ കോൾ സെന്റർ

രാജ്യത്തിന് തന്നെ അഭിമാനകരമാകുന്ന വിധത്തിൽ കെ ഫോൺ സംവിധാനം കേരളത്തിൽ മാതൃകയാകുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഇപ്പോഴിതാ ഉപഭോക്തൃ സേവന സംവിധാനം കൂടുതൽ ഊർജ്ജസ്വലമാക്കിയിരിക്കുകയാണ് കെ ഫോൺ.
ഇനിമുതൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെ-ഫോൺ ടെക്‌നിക്കൽ കോൾ സെന്റർ സംസ്ഥാനത്തുടനീളം ഉപഭോക്താക്കൾക്ക് സേവനങ്ങൾ അതിവേഗത്തിലാക്കാനുള്ള പിന്തുണ നൽകും.
തിരുവനന്തപുരത്ത് കെ ഫോൺ ആസ്ഥാനത്താണ് കോൾ സെന്റർ ആരംഭിച്ചിരിക്കുന്നത്.
ടെക്‌നിക്കൽ ബിരുദധാരികളായ 37 പേരടങ്ങുന്ന സംഘമാണ് കോള്‍ സെന്ററിൽ ഉള്ളത്.
പരാതികൾ പെട്ടെന്നും ഫലപ്രദമായും പരിഹരിക്കുന്നതിനായി മൂന്ന് തലത്തിലുള്ള പ്രവർത്തനങ്ങളാണ് കൊള്‍ സെന്റർ നടത്തുക.
ഇതുവഴി ഏറ്റവും അത്യാവശ്യമുള്ള, പ്രഥമ പരിഗണന നൽകേണ്ട പ്രശ്നങ്ങൾ രണ്ടു മുതൽ മൂന്നുവരെ മണിക്കൂറിനുള്ളി ലും മറ്റു പരാതികൾ പരാതിയുടെ ഗൗരവമനുസരിച്ച് എട്ടു മുതൽ 48 മണിക്കൂറിനുള്ളിലും പരിഹരിക്കും.
ആധുനിക ടിക്കറ്റിങ് സോഫ്റ്റ്‌വെയറിലൂടെ പരാതികൾ രജിസ്റ്റർ ചെയ്യാനാകും.
മലയാളത്തിലും ഇംഗ്ലീഷിലും ഉപഭോക്തൃ സേവനം ലഭ്യമാകും. 18005704466 എന്ന ടോൾ-ഫ്രീ നമ്പർ വഴിയോ ‘എന്റെ കെ -ഫോൺ’ മൊബൈൽ ആപ്പ് വഴിയോ പരാതി രജിസ്റ്റര്‍ ചെയ്യാം.
https://bss.kfon.co.in/ എന്ന സെൽഫ് കെയർ പോർട്ടലിലൂടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്‌തും പരാതി രജിസ്റ്റർ ചെയ്യാം.
സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് കൂടുതൽ സാങ്കേതിക ഇടപെടൽ ആവശ്യമായ ഘട്ടങ്ങളിൽ നെറ്റ്‌വർക്ക് ഓപ്പറേഷൻസ് സെന്റർ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യും.
അംഗീകൃത സർവീസ് പങ്കാളികളിലൂടെ ഓൺ-സൈറ്റ് പരിഹാരം നൽകുകയും ചെയ്യും. എന്റർപ്രൈസസ് ഉപഭോക്താക്കൾക്കുണ്ടാകുന്ന സേവനതടസ്സങ്ങൾ മുൻകൂട്ടി കണ്ടെത്തി 24 മണിക്കൂറിനുള്ളിൽ പരിഹാരം ഉറപ്പാക്കും.