ചെറുകിട കര്‍ഷകര്‍ക്ക് കരുതലൊരുക്കി ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല അസംബ്ലി
കാഞ്ഞിരപ്പള്ളി: എല്ലാ വിഭാഗത്തില്‍പ്പെട്ടവരെയും ചേര്‍ത്ത് പിടിച്ച് പൊതുസമൂഹത്തിന്റെ ആവശ്യത്തിനുവേണ്ടി ഇടപെടാന്‍ ഇന്‍ഫാമിനു കഴിഞ്ഞതായി ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല രക്ഷാധികാരി മാര്‍ ജോസ് പുളിക്കല്‍. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല അസംബ്ലിയില്‍ ജില്ലാ നേതാക്കള്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു മാര്‍ ജോസ് പുളിക്കല്‍.
ഇന്‍ഫാമിന്റെ നിലപാടുകള്‍ക്ക് പൊതുസമൂഹത്തില്‍ പ്രാധാന്യമുണ്ട്. കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിഷയങ്ങളില്‍ ഇന്‍ഫാം സംഘാതമായി ഇടപെടുന്ന ശൈലി ഇനിയും തുടരണം.
കര്‍ഷകരുടെ സാമ്പത്തിക സുരക്ഷിത ഉറപ്പുവരുത്താന്‍ വിളകള്‍ക്ക് ആനുപാതികമായ വില ലഭിക്കാനുള്ള കാര്യങ്ങള്‍ ഇന്‍ഫാം ചെയ്യുന്നുണ്ട്. തങ്ങളുടെ വിലപ്പെട്ട സമയവും കഴിവും സമ്പത്തും മാറ്റിവച്ച് ചെറുകിട കര്‍ഷകരുടെ ഉന്നമനത്തിനുവേണ്ടി പ്രയത്‌നിക്കാന്‍ സന്നദ്ധരായി മുന്നോട്ടു വരുന്ന ഇന്‍ഫാമിന്റെ നേതൃനിരയിലുള്ളവരെ അഭിനന്ദിക്കുന്നതായും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്‍ഫാം അംഗങ്ങളായ ചെറുകിട കര്‍ഷകരുടെ ഉന്നമനത്തിനും വളര്‍ച്ചയ്ക്കും വേണ്ടി സംഘടനാഭാരവാഹികള്‍ നിസ്വാര്‍ഥതയോടെ അധ്വാനിക്കണമെന്ന് അസംബ്ലിയില്‍ അധ്യക്ഷതവഹിച്ച ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളില്‍ അവര്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ യൂണിറ്റു തലം മുതല്‍ എല്ലാ തലങ്ങളിലുമുള്ള നേതാക്കള്‍ക്ക് കടമയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാര്‍ഷികജില്ല ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. മാത്യു പനച്ചിക്കല്‍, ഫാ. വര്‍ഗീസ് കുളമ്പള്ളില്‍, ഫാ. റോബിന്‍ പട്രകാലായില്‍, ഫാ. ആന്റണി കോട്ടൂര്‍, ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍,
ദേശീയ സെക്രട്ടറി നെല്‍വിന്‍ സി. ജോയ്, ദേശീയ ട്രഷര്‍ ജെയ്സണ്‍ ചെംബ്ലായില്‍, സംസ്ഥാന സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, സംസ്ഥാന ട്രഷറര്‍ ജോസ് സി.എ. പൂവത്തോലിചെറ്റയില്‍, കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് തോമസ് തുപ്പലഞ്ഞിയില്‍, സെക്രട്ടറി തോമസുകുട്ടി വാരണത്ത്, ഹൈറേഞ്ച്, ലോറേഞ്ച്, തെക്കന്‍ മേഖല പ്രസിഡന്റുമാരായ സെബാസ്റ്റ്യന്‍ മുക്കുങ്കല്‍, ഷാബോച്ചന്‍ മുളങ്ങാശേരി, ജോസ് താഴത്തുപീടിക, മേഖല സെക്രട്ടറിമാരായ ജോസ് വടക്കേടത്ത്, സെബാസ്റ്റിയന്‍ കൈതയ്ക്കല്‍, തോമസ് കൊട്ടാടിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
അസംബ്ലിയില്‍ എല്‍നിനോ പ്രതിഭാസം, രണ്ടാം ഭൂപരിഷ്‌കരണം, ഇഎസ്എ, വന്യജീവി പ്രശ്‌നം, വിവിധ കണ്‍സോര്‍ഷ്യങ്ങളുടെ രൂപീകരണം എന്നിവ പഠനവിഷയമാക്കി.