കേരളത്തിന്റെ നെല്ലച്ഛന് വിട; ചെറുവയല് രാമന് അന്തരിച്ചു
വയനാട്ടിലെ പരമ്പരാഗത കര്ഷകന് ചെറുവയല് രാമന് അന്തരിച്ചു. 74 വയസായിരുന്നു. പത്മശ്രീ പുരസ്ക്കാര ജേതാവാണ്. കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയത്തിനു താഴെ ഞരമ്പ് പൊട്ടിയാണ് മരണം. ഉദരസംബന്ധമായ രോഗത്തെ തുടര്ന്ന് ചികിത്സ നടത്തിവരികയായിരുന്നു. കേരളത്തിന്റെ നെല്ലച്ഛന് എന്നാണ് അദേഹം അറിയപ്പെട്ടിരുന്നത്. വയനാട്ടിലെ പാരമ്പര്യ നെല്വിത്തുകളുടെ സംരക്ഷകനായിരുന്നു. 2023ലാണ് രാജ്യം ചെറുവയല് രാമനെ പത്മശ്രീ നല്കി ആദരിച്ചത്.
വരുംതലമുറയ്ക്കായി പൈതൃക നെല്വിത്ത് സംരക്ഷകന് എന്ന വിലാസംമാത്രം ബാക്കിയാക്കി ഇക്കാലമത്രയും ജീവിക്കുകയായിരുന്നു രാമന്. . 2011ല് ഹൈദരാബാദില് വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തില് കേരളത്തിലെ കര്ഷകരെ പ്രതിനിധീകരിച്ചത് ഇദ്ദേഹമാണ്. നെല്ലിനങ്ങളുടെ ഒരു ജീന്ബാങ്കര് ആണ് ചെറുവയല് രാമന്. കുറിച്യസമുദായത്തില്പ്പെട്ട ഇദ്ദേഹം 32 ഇനം നെല്ല് കൃഷിചെയ്ത് സംരക്ഷിക്കുന്നു. നെല് വിത്തുകള് കൂടാതെ പരമ്പരാഗത പച്ചക്കറി ഇനങ്ങളും ഔഷധ സസ്യങ്ങളും വിവിധ വൃക്ഷങ്ങളും ഇദ്ദേഹം തന്റെ തോട്ടത്തില് സംരക്ഷിച്ചുവരുന്നു. നിരവധി വിദ്യാര്ത്ഥികളും ഗവേഷകരും കര്ഷകരും നിത്യേന ഈ പുരയിടം സന്ദര്ശിച്ച് പരമ്പരാഗത കൃഷിയെപ്പറ്റി പഠിക്കുന്നു.