പാവപ്പെട്ടവര്‍ക്കും തെരുവു ബാല്യങ്ങള്‍ക്കുമായി ജീവിതം സമര്‍പ്പിച്ച ബ്രദര്‍ മാവുരൂസിന് വിട

 
mavooroose


കൊച്ചി: പാവപ്പെട്ടവര്‍ക്കും തെരുവില്‍ ഉപേക്ഷിക്കപ്പെട്ട കുട്ടികള്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച സാമൂഹ്യപ്രവര്‍ത്തകനായ ബ്രദര്‍ മാവുരൂസ് മാളിയേക്കല്‍ അന്തരിച്ചു. 90 വയസ്സായിരിന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കൊച്ചിയിലും സമീപപ്രദേശങ്ങളിലുമായി ഏകദേശം 2,000 തെരുവുകുട്ടികളെ കണ്ടെത്തി സംരക്ഷിക്കുകയും അവര്‍ക്ക് വിദ്യാഭ്യാസവും മെച്ചപ്പെട്ട ജീവിതവും ഒരുക്കുകയും ചെയ്തതിലൂടെ അനേകം കുരുന്നുകള്‍ക്ക് പുതുജീവിതം ലഭിച്ചു.

1936 ഏപ്രില്‍ 28-ന് മാള അമ്പഴക്കാട് മാളിയേക്കല്‍ അന്തോണിയുടെയും മേരിയുടെയും മകനായി ജനിച്ച അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം സിഎംഐ സമൂഹത്തില്‍ ചേര്‍ന്നു. പിന്നീട് സമൂഹത്തിന്റെ അരികുകളിലേക്ക് തള്ളപ്പെട്ടവര്‍ക്കും തെരുവില്‍ അലഞ്ഞുതിരിഞ്ഞ കുട്ടികള്‍ക്കുമായി തന്റെ ജീവിതം പൂര്‍ണമായി സമര്‍പ്പിക്കുകയായിരുന്നു. കൊച്ചി ഗാന്ധിനഗറിലെ ഉദയ കോളനിയില്‍ പ്രവര്‍ത്തിച്ച 'ആശ്രയഭവന്‍' അദ്ദേഹത്തിന്റെ സാമൂഹ്യസേവനത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു.

ഒരുകാലത്ത് പിന്നാക്കാവസ്ഥയിലായിരുന്ന ഉദയ കോളനിയുടെ സാമൂഹികമാറ്റത്തിനും ബ്രദര്‍ മാവുരൂസിന്റെ ഇടപെടലുകള്‍ വലിയ പങ്കുവഹിച്ചു. പി & ടി കോളനിയിലെ തീപിടിത്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായി 'സ്‌നേഹഗിരി' പദ്ധതിയിലൂടെ നൂറിലധികം വീടുകള്‍ നിര്‍മിച്ചുനല്‍കിയതും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സേവന പ്രവര്‍ത്തനങ്ങളിലൊന്നായിരിന്നു.

വൈക്കം വല്ലകം ജീവനിലയം, ഒറ്റപ്പാലം സുഹൃദ്‌സദന്‍, മൂരിയാട് മാര്‍ട്ടിന്‍ നഗര്‍ തുടങ്ങിയ സ്ഥാപനങ്ങളിലൂടെയും അദ്ദേഹം സാമൂഹ്യസേവനം തുടര്‍ന്നു. കുടുംബത്തില്‍നിന്ന് ലഭിച്ച സ്വത്തുക്കള്‍ പോലും പാവപ്പെട്ടവരുടെ ക്ഷേമത്തിനായി വിനിയോഗിച്ച അദ്ദേഹം ലളിതജീവിതത്തിന്റെയും പങ്കുവയ്ക്കലിന്റെയും മാതൃകയായിരുന്നു. അദ്ദേഹത്തിന്റെ സേവനങ്ങളെ ആദരിച്ച് കൊച്ചി കോര്‍പ്പറേഷന്‍ ആശ്രയഭവന്‍ സ്ഥിതിചെയ്യുന്ന റോഡിന് 'ബ്രദര്‍ മാവുരൂസ് റോഡ്' എന്ന് പേര് നല്‍കിയിരുന്നു. സംസ്‌കാര ശുശ്രൂഷകള്‍ നാളെ ബുധനാഴ്ച വൈകീട്ട് 4 മണിക്ക് മാള കോട്ടയ്ക്കല്‍ സെന്റ് തെരേസാസ് ആശ്രമ ഇടവക ദേവാലയത്തില്‍ നടക്കും.

Tags

Share this story

From Around the Web