ലെയോ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി പ്രശസ്ത സംഗീതജ്ഞൻ ബാഡ് ബണ്ണി
ആഗോള കത്തോലിക്കാ സഭയുടെ തലവൻ ലെയോ പതിനാലാമൻ മാർപാപ്പയും പ്രശസ്ത പ്യൂർട്ടോ റിക്കൻ പോപ്പ് ഗായകൻ ബാഡ് ബണ്ണിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. സ്പെയിൻ തലസ്ഥാനമായ മാഡ്രിഡിലെ സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ വച്ച് ജൂൺ എട്ട് തിങ്കളാഴ്ചയായിരുന്നു ഈ ചരിത്രപരമായ കൂടിക്കാഴ്‌ച നടന്നത്.
മാർപാപ്പയും ബാഡ് ബണ്ണിയും മാഡ്രിഡിൽ ഒരേസമയം എത്തിയ സാഹചര്യത്തിലാണ് വത്തിക്കാൻ മുൻകൈയെടുത്ത് ഈ കൂടിക്കാഴ്ചയൊരുക്കിയത്. ബാഡ് ബണ്ണിയുടെ കുടുംബാംഗങ്ങളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
മാഡ്രിഡിൽ മാർപാപ്പ പങ്കെടുത്ത യുവാക്കളുടെ പ്രാർഥനാ ചടങ്ങും ബാഡ് ബണ്ണിയുടെ സംഗീത പരിപാടിയും ഒരേ ദിവസങ്ങളിലായിരുന്നു നടന്നത്. തന്നോട് സംഭാഷണത്തിന് താല്പര്യമുള്ള ആരുമായും സംസാരിക്കാൻ മാർപാപ്പ എപ്പോഴും തയ്യാറാണെന്ന് മാഡ്രിഡ് ആർച്ച് ബിഷപ്പ് കർദിനാൾ ജോസ് കോബോ നേരത്തെ വ്യക്തമാക്കിയിരുന്നു.
ബാഡ് ബണ്ണിയുടെ ചില പാട്ടുകളിലെ വരികൾ മുൻപ് കടുത്ത വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ സംഗീതത്തിൽ മാനവികതയും പരസ്പര സ്നേഹവും ഉയർത്തിപ്പിടിക്കുന്ന ക്രിസ്തീയ മൂല്യങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പ്യൂർട്ടോ റിക്കോ എപ്പിസ്കോപ്പൽ കോൺഫറൻസ് പ്രസിഡന്റ് യുസേബിയോ റാമോസ് അഭിപ്രായപ്പെട്ടിരുന്നു.
ഏറെ മാധ്യമശ്രദ്ധ നേടിയ ഈ അപ്രതീക്ഷിത കൂടിക്കാഴ്ചയുടെ ചിത്രങ്ങളൊന്നും വത്തിക്കാൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല.