ചങ്ങനാശേരിയിലെ കുടുംബത്തിന്റെ ആത്മഹത്യ; കാരണം സാമ്പത്തിക ബാധ്യത?, ഓണ്‍ലൈന്‍ ഗെയിമിലൂടെ വലിയ സാമ്പത്തിക നഷ്ടം, ബാങ്ക് അക്കൗണ്ടുകളും പണമിടപാടുകളും അന്വേഷിക്കുന്നു
ചങ്ങനാശേരി: എസ്.ബി കോളജിന് സമീപം ഒരു വീട്ടിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കരിങ്ങട വീട്ടിൽ സജു ആന്റണി (64)
ഭാര്യ അനു സജു (59 ) മകൻ സവിൻ സജു (34 ) എന്നിവരാണ് മരിച്ചത്. കടുത്ത സാമ്പത്തിക ബാധ്യതയാണ് കൂട്ടമരണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പത്തനംതിട്ടയിൽ ഹോൾസെയ്ൽ വ്യാപാരിയായിരുന്ന സാജു, കടബാധ്യതയെ തുടർന്ന് അവിടെ കച്ചവടം അവസാനിപ്പിച്ചാണ് ചങ്ങനാശേരിയിൽ എത്തിയത്.
പിന്നീട് പലിശയ്ക്ക് പണം കടം വാങ്ങിയതും അതുമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികളുമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു.
കൂടാതെ, മകൻ സബിൻ സാജു ഓൺലൈൻ റമ്മി അടക്കമുള്ള ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിൽ പണം നിക്ഷേപിക്കുകയും ഇതിലൂടെ വലിയ സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്തിരുന്നതായി പോലീസ് പറയുന്നുണ്ട്. സംഭവസ്ഥലത്ത് ചങ്ങനാശേരി സി.ഐ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തിവരികയാണ്.
ഇന്നലെ രാത്രിയോ ഇന്ന് പുലർച്ചെയോ ആണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനമെന്നു ചങ്ങനാശ്ശേരി ഡിവൈ.എസ്.പി എസ്. ആഷാദ് പറഞ്ഞു. ഗൃഹനാഥനും ഭാര്യയും ബെഡ്റൂമിലും മകൻ സ്റ്റോർ റൂമിലുമായി തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്.
മകനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വലിയ സാമ്പത്തിക ബാധ്യതയുമാണ് സംഭവത്തിന് കാണമായെന്നാണ് ബന്ധുക്കളുടെ മൊഴിയിലൂടെയും പ്രാഥമിക വിവരങ്ങളിലൂടെയും മനസ്സിലാക്കുന്നത്.
മകൻ ഗെയിം കളിച്ച് സാമ്പത്തിക ബാധ്യത വരുത്തിവച്ചതായി വിവരങ്ങളുണ്ട്. ഇതിനെക്കുറിച്ച് ബാങ്ക് അക്കൗണ്ടുകളും പണമിടപാടുകളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.
സംഭവസ്ഥലത്തുനിന്നും ഇതുവരെ ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ മരണകാരണത്തെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചുമുള്ള അന്തിമ നിഗമനത്തിൽ എത്താൻ സാധിക്കൂ. മൃതദേഹങ്ങൾ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
ശരീരത്തിൽ മറ്റ് ബാഹ്യ പരുക്കുകൾ ഒന്നും തന്നെ കാണുന്നില്ല. പ്രാഥമിക നിഗമനത്തിൽ ഇതൊരു ആത്മഹത്യയാണെന്നാണ് കരുതുന്നതെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കൂ.
വീടിന്റെ വാതിലുകൾ അടച്ചുപൂട്ടിയിരുന്നില്ല, തുറന്ന നിലയിലായിരുന്നു. സജു ആന്റണിയെ ഫോണിൽ കിട്ടാത്തതിനെത്തുടർന്ന് സംശയം തോന്നിയ അയൽവാസിയും സഹോദരനും ചേർന്ന് നോക്കുകയും, തുടർന്ന് പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പോലീസ് എത്തിയ ശേഷമാണ് അകത്തു കയറി പരിശോധിച്ചതും മൂന്ന് പേരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതും.
വീടിന്റെ മുകളിൽ പേയിങ് ഗസ്റ്റുകൾ താമസിക്കുന്നുണ്ടായിരുന്നെങ്കിലും, ആ ദിശയിലേക്ക് സംശയങ്ങൾ നീണ്ടിട്ടില്ലെന്നും മരണത്തിൽ ദുരൂഹതകളൊന്നുമില്ലെന്നും ഡിവൈ.എസ്.പി വ്യക്തമാക്കി.