ഭക്ഷ്യധാന്യങ്ങളാല്‍ മുത്തിയമ്മയുടെ ചിത്രമൊരുക്കി കുടുംബകൂട്ടായ്മ യൂണിറ്റ് 

 
MUTHIYAMMA

കുറവിലങ്ങാട്: ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ഭക്ഷ്യധാന്യങ്ങള്‍ക്കൊണ്ട് കുറവിലങ്ങാട് മുത്തിയമ്മയുടെ ചിത്രമുണ്ടാക്കി കുടുംബകൂട്ടായ്മ യൂണിറ്റ് ശ്രദ്ധനേടി. മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ഇടവക 27-ാം വാര്‍ഡിലെ ദൈവദാസന്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു കാവുകാട്ട് യൂണിറ്റാണ് വേറിട്ട കലാസൃഷ്ടി നടത്തിയത്. മുത്തിയമ്മയ്ക്കൊരു മുത്തം എന്ന പേരിലാണ് ചിത്രമൊരുക്കി ഇടവക ദേവാലയത്തില്‍ സമര്‍പ്പിച്ചത്. 


പന്ത്രണ്ട് അപ്പസ്തോലന്മാരുടെ ഓര്‍മ്മകള്‍ സജീവമാക്കി 12 ഇനം ധാന്യങ്ങളാണ് കലാസൃഷ്ടിക്കായി ഉപയോഗിച്ചിട്ടുള്ളത്. ഭക്ഷണക്രമത്തില്‍ പ്രത്യേകതയുള്ള ചെറുധാന്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ട്.  ചാക്കരി, പച്ചരി എന്നിങ്ങനെ രണ്ടുതരം അരികള്‍ ഉപയോഗിച്ചിട്ടുണ്ട്. 

MUTHYMMMA 22

മുത്തിയമ്മയുടേയും ഉണ്ണിയേശുവിന്റേയും മുഖങ്ങള്‍ ഒരുക്കിയിരിക്കുന്നത് ചാക്കരി ഉപയോഗിച്ചാണ്. തിരുവസ്ത്രങ്ങള്‍ക്ക് ദൃശ്യചാരുത സമ്മാനിക്കാനായി ചെറുപയറും ഉലുവ, മുതിര, ഉഴുന്ന് തുടങ്ങിയവ ഉപയോഗിച്ചിരിക്കുന്നു. എള്ള് ഉപയോഗിച്ചാണ് കണ്ണുകള്‍ ചേര്‍ത്തിരിക്കുന്നത്. 


മൂന്ന് അടി നീളവും മൂന്ന് അടി വീതിയിലുമാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. തിരുചിത്രങ്ങളില്‍ നിന്ന് പ്രഭ ചൊരിയുന്ന രീതിയിലാണ് ക്രമീകരണം. കൂട്ടായ്മ യൂണിറ്റ് പ്രസിഡന്റ് പോള്‍സണ്‍ ചേലക്കാപ്പള്ളി, സെക്രട്ടറി സുമി റോയി, യൂണിറ്റംഗങ്ങളായ അക്സല്‍ റോയി, ആന്‍സണ്‍ റോയി, അലീന ജോസഫ്, നിഖില്‍ ഇമ്മാനുവല്‍, ജോജോ വലിയനിരപ്പേല്‍, സെബാസ്റ്റ്യന്‍ പൂവന്‍കുടിയേല്‍, റോയി ഓലിക്കാട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിലാണ് ചിത്രം ക്രമീകരിച്ചത്. 

ചിത്രരചനാ രംഗത്ത് ശ്രദ്ധേയനായ സണ്ണി ഇടത്തിനാലാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ദേവാലയത്തിലെത്തിച്ച ചിത്രം ആര്‍ച്ച്പ്രീസ്റ്റിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. യൂണിറ്റിന്റെ പരിശ്രമങ്ങളെ ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, അസി.വികാരിയും സോണ്‍ ഡയറക്ടറുമായ ഫാ. തോമസ് താന്നിമലയില്‍, പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി എന്നിവര്‍ അഭിനന്ദിച്ചു.  

Tags

Share this story

From Around the Web