കുടുംബങ്ങള്‍ ദൈവത്തിന്റെ പ്രതിഫലനമാണ്: ലിയോ പാപ്പാ

 
PAPA 1


വത്തിക്കാന്‍ ജീവനക്കാരുടെ കുടുംബങ്ങള്‍ക്കായി, ഗവര്‍ണറേറ്റ്, സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍, നിരവധി ആളുകള്‍ പങ്കാളികളായി. വത്തിക്കാന്‍ ഉദ്യാനത്തില്‍ നടന്ന സംഗമത്തില്‍ വത്തിക്കാന്‍ ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും അഭിസംബോധന ചെയ്ത് ലിയോ പതിനാലാമന്‍ പാപ്പാ സംസാരിച്ചു.

 കുടുംബങ്ങള്‍ ദൈവത്തിന്റെ പ്രതിഫലനമാണെന്നും സ്‌നേഹവും ജീവനും മറ്റുള്ളവര്‍ക്കായി പകുത്തു നല്‍കുന്നതാണ് ഏറ്റവും വലിയ അത്ഭുതമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

കുട്ടികളുമായി പാപ്പാ  തമാശകള്‍  പങ്കിട്ടു കൊണ്ട് സംസാരിച്ചത്, ഏറെ കൗതുകമുണര്‍ത്തി. സാമൂഹ്യ മാധ്യമമായ ടിക് ടോക്കില്‍   ഇപ്പോള്‍ വൈറലായ സിക്‌സ് സെവന്‍ എന്ന ഗണിത  പ്രവണതയെക്കുറിച്ച് അദ്ദേഹം കുട്ടികളോട് ചോദിച്ചത് സദസ്സില്‍ ചിരി പടര്‍ത്തി.

 'സിക്‌സ് സെവന്‍... അത് 13 ആണ്, വളരെ മനോഹരം,' എന്ന് കൈകള്‍ ചലിപ്പിച്ചുകൊണ്ട് അദ്ദേഹം തമാശയായി പറഞ്ഞു. യുവാക്കള്‍ക്കിടയിലെ ഓറ എന്ന കാര്യത്തെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ  വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് പരിശുദ്ധ പിതാവ്  തന്റെ സന്ദേശം നല്‍കിയത്. 'കുടുംബം എന്നത് ദൈവം തന്നെത്തന്നെ നോക്കുന്ന കണ്ണാടിയാണ്. നമ്മുടെ കുടുംബങ്ങളില്‍ ദൈവം തന്നെത്തന്നെ കാണാന്‍ ആഗ്രഹിക്കുന്നു,' എന്ന് അദ്ദേഹം പറഞ്ഞു. 

സ്‌നേഹം നല്‍കുന്നതും ജീവന്‍ നല്‍കുന്നതുമാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ട് അത്ഭുതങ്ങള്‍. തനിക്ക് വേണ്ടി മാത്രം ജീവിക്കാതെ, സ്വാര്‍ത്ഥത വെടിഞ്ഞ് മറ്റുള്ളവര്‍ക്കായി ജീവന്‍ സമര്‍പ്പിക്കുന്നതാണ് യഥാര്‍ത്ഥ കുടുംബ ജീവിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത് മൂന്നാം തവണയാണ് വത്തിക്കാന്‍ ഗവേര്‍ണറേറ്റ് ഈ കുടുംബ സംഗമം സംഘടിപ്പിക്കുന്നത്. ഗവര്‍ണറേറ്റ് പ്രസിഡന്റ് സിസ്റ്റര്‍ റഫായേല്ല  പെത്രീനി പാപ്പായ്ക്ക്  സ്വാഗതമരുളി. കുട്ടികള്‍ക്കായി വിവിധ വിനോദ പരിപാടികളും സര്‍ക്കസും ഭക്ഷണശാലകളും ഒരുക്കിയിരുന്നു. 

സമ്മേളനത്തിന് ശേഷം പാപ്പാ  ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് കുട്ടികളെയും പ്രായമായവരെയും ആശീര്‍വദിക്കുകയും, അവര്‍ക്കൊപ്പം ഫോട്ടോയെടുക്കുകയും  ചെയ്തു. ലളിതമായ ചടങ്ങുകളിലൂടെ കുടുംബബന്ധങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഈ സംഗമം.

Tags

Share this story

From Around the Web