യൂറോപ്യന്‍ കാട്ടുതീക്ക് പിന്നില്‍ ജൂതരെന്ന് വ്യാജ പ്രചാരണം; മുന്നറിയിപ്പുമായി സൈബര്‍വെല്‍
യൂറോപ്പില്‍ ഉണ്ടായ കാട്ടുതീക്ക് പിന്നില്‍ ജൂതരാണെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ജൂത വിരുദ്ധ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതായി സര്‍ക്കാരിതര സംഘടനയായ 'സൈബര്‍വെല്‍' മുന്നറിയിപ്പ് നല്‍കി.
നോര്‍വെ, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നിവിടങ്ങളിലെ കാട്ടുതീയുമായി ബന്ധപ്പെട്ട് സമാനമായ പ്രചാരണങ്ങളാണ് എക്‌സ് പ്ലാറ്റ്ഫോമില്‍ നടക്കുന്നത്.
യൂറോപ്യന്‍ രാജ്യങ്ങളിലെ കാട്ടുതീക്ക് പിന്നില്‍ രാഷ്ട്രീയമോ, സാമ്പത്തികമോ ആയ ലക്ഷ്യങ്ങളോടെ ജൂതര്‍ മനഃപൂര്‍വം തീയിട്ടതാണെന്ന തരത്തില്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ് ഭാഷകളില്‍ പോസ്റ്റുകള്‍ പ്രചരിക്കുന്നതായി സൈബര്‍വെല്‍ കണ്ടെത്തി.
അതേസമയം, നോര്‍വേയിലെ കാട്ടുതീയെക്കുറിച്ചുള്ള പോസ്റ്റുകള്‍ ഏകദേശം രണ്ട് ദശലക്ഷത്തിലധികം ആളുകളിലേക്കാണ് എത്തിയത്.
വലിയ പ്രതിസന്ധികളും ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ ജൂതരെ ലക്ഷ്യമിട്ട് വിദ്വേഷം പ്രചരിപ്പിക്കുന്ന രീതി മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് സൈബര്‍വെല്‍ ചൂണ്ടിക്കാണിക്കുന്നു. 2025-ലെ ലോസ് ആഞ്ചലസ് കാട്ടുതീ, പറ്റഗോണിയ കാട്ടുതീ എന്നിവയ്ക്ക് ശേഷവും ഇത്തരം ജൂതവിരുദ്ധ സിദ്ധാന്തങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.
പ്രതിസന്ധി ഘട്ടങ്ങളെ ജൂതര്‍ക്കെതിരെയുള്ള കുറ്റപ്പെടുത്തലുകള്‍ക്കായി ഉപയോഗിക്കുന്നത് നാസി ജര്‍മ്മനിയുടെ കാലത്തെ പ്രചരണത്തിന് സമാനമാണെന്ന് സൈബര്‍വെല്‍ സി.ഇ.ഒ തല്‍-ഓര്‍ കോഹന്‍ മോണ്ടെമയര്‍ വ്യക്തമാക്കി.