യൂറോപ്യൻ കാട്ടുതീക്ക് പിന്നിൽ ജൂതരെന്ന് വ്യാജ പ്രചാരണം; മുന്നറിയിപ്പുമായി സൈബർവെൽ

 
333

യൂറോപ്പിൽ ഉണ്ടായ കാട്ടുതീക്ക് പിന്നിൽ ജൂതരാണെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ജൂത വിരുദ്ധ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ വ്യാപകമായി പ്രചരിക്കുന്നതായി സർക്കാരിതര സംഘടനയായ ‘സൈബർവെൽ’ മുന്നറിയിപ്പ് നൽകി. നോർവെ, ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിലെ കാട്ടുതീയുമായി ബന്ധപ്പെട്ട് സമാനമായ പ്രചാരണങ്ങളാണ് എക്സ് പ്ലാറ്റ്‌ഫോമിൽ നടക്കുന്നത്.

യൂറോപ്യൻ രാജ്യങ്ങളിലെ കാട്ടുതീക്ക് പിന്നിൽ രാഷ്ട്രീയമോ, സാമ്പത്തികമോ ആയ ലക്ഷ്യങ്ങളോടെ ജൂതർ മനഃപൂർവം തീയിട്ടതാണെന്ന തരത്തിൽ ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ് ഭാഷകളിൽ പോസ്റ്റുകൾ പ്രചരിക്കുന്നതായി സൈബർവെൽ കണ്ടെത്തി. അതേസമയം, നോർവേയിലെ കാട്ടുതീയെക്കുറിച്ചുള്ള പോസ്റ്റുകൾ ഏകദേശം രണ്ട് ദശലക്ഷത്തിലധികം ആളുകളിലേക്കാണ് എത്തിയത്.

വലിയ പ്രതിസന്ധികളും ദുരന്തങ്ങളും ഉണ്ടാകുമ്പോൾ ജൂതരെ ലക്ഷ്യമിട്ട് വിദ്വേഷം പ്രചരിപ്പിക്കുന്ന രീതി മുൻപും ഉണ്ടായിട്ടുണ്ടെന്ന് സൈബർവെൽ ചൂണ്ടിക്കാണിക്കുന്നു. 2025-ലെ ലോസ് ആഞ്ചലസ് കാട്ടുതീ, പറ്റഗോണിയ കാട്ടുതീ എന്നിവയ്ക്ക് ശേഷവും ഇത്തരം ജൂതവിരുദ്ധ സിദ്ധാന്തങ്ങൾ ഉയർന്നു വന്നിരുന്നു. പ്രതിസന്ധി ഘട്ടങ്ങളെ ജൂതർക്കെതിരെയുള്ള കുറ്റപ്പെടുത്തലുകൾക്കായി ഉപയോഗിക്കുന്നത് നാസി ജർമ്മനിയുടെ കാലത്തെ പ്രചരണത്തിന് സമാനമാണെന്ന് സൈബർവെൽ സി.ഇ.ഒ തൽ-ഓർ കോഹൻ മോണ്ടെമയർ വ്യക്തമാക്കി.

Tags

Share this story

From Around the Web