വ്യക്തിപരമായ തര്‍ക്കത്തിന് വ്യാജ മതനിന്ദ കുറ്റം. അനീതിയ്ക്കു വീണ്ടും ഇരയായി പാക്ക് ക്രൈസ്തവ വിശ്വാസി

 
PAKISTAN


ലാഹോര്‍: പാക്കിസ്ഥാനിലെ വിവാദമായ മതനിന്ദ നിയമത്തിന്റെ മറവില്‍ അറുപത് വയസ്സുള്ള കത്തോലിക്ക വിശ്വാസി നേരിടുന്നത് കടുത്ത നീതി. വ്യക്തിപരമായ വൈരാഗ്യത്തിന്റെ മറവില്‍ ഇസ്ലാം മത വിശ്വാസി ഉന്നയിച്ച വ്യാജ ആരോപണത്തെ തുടര്‍ന്നാണ് ലാഹോറില്‍ നിന്നുള്ള അമീര്‍ ജോസഫ് പോള്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. 

അയല്‍പക്കത്തെ കടയുടമയായ മുനവര്‍ അലിയാണ് വ്യാജ പരാതിയ്ക്കു പിന്നില്‍. തന്റെ കടയിലെ സംഭാഷണത്തിനിടെ അമീര്‍ ജോസഫ് മുഹമ്മദിനെക്കുറിച്ച് അവഹേളനപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നായിരിന്നു ആരോപണം.

രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളെ ചുറ്റിപ്പറ്റിയുള്ള സംഭാഷണത്തില്‍ മതപരമായ പരാമര്‍ശങ്ങളൊന്നുമില്ലെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ മുനവര്‍ അലി കേസ് ചമയുകയായിരിന്നുവെന്നാണ് പാക്ക് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. 

മനുഷ്യാവകാശ സംഘടനയായ ദി വോയ്സ് സൊസൈറ്റിയിലെ അഭിഭാഷക അനീക മരിയ ആന്റണിയുടെ നേതൃത്വത്തില്‍ അമീര്‍ ജോസഫിന് വേണ്ടി നിയമ പോരാട്ടം നടത്തി വരുന്നുണ്ട്.


സെന്റ് ഫ്രാന്‍സിസ് കത്തോലിക്ക ദേവാലയത്തിലെ വികാരി ഫാ. ഹെന്റി പോളിന്റെ സഹോദരനായ അമീര്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി കട സ്ഥിരമായി സന്ദര്‍ശിച്ചിരുന്നുവെന്നും ആരോപണം ഉന്നയിച്ച് മിനിറ്റുകള്‍ക്കുള്ളില്‍, കടയുടമ പ്രാദേശിക മതനേതാക്കളെ അണിനിരത്തി വ്യാജ മതനിന്ദ കേസ് ഉയര്‍ത്തുകയാണെന്നാണ് വിവരം. 

അമീറിന്റെ വീടിനെയും കടയുടമയുടെ വസ്തുവിനെയും ബാധിക്കുന്ന മലിനജല പൈപ്പുമായി ബന്ധപ്പെട്ടുള്ള നിലവിലുള്ള ചെറിയ തര്‍ക്കമാണ് ആരോപണത്തിന് കാരണമെന്ന് ഇരു കക്ഷികളെയും പരിചയമുള്ള താമസക്കാര്‍ വെളിപ്പെടുത്തിയിരിന്നു.

ചെറിയ അയല്‍പക്ക അഭിപ്രായവ്യത്യാസം ജീവന് ഭീഷണിയായ ഒരു ആരോപണത്തിലേക്ക് നയിച്ചേക്കാമെന്നത് വളരെയധികം അസ്വസ്ഥത ഉളവാക്കുന്നതായി അഡ്വ. അനീക പറഞ്ഞു. അമീറിന്റെ കുടുംബത്തിന് സമഗ്രമായ നിയമ, സാമൂഹിക, ധാര്‍മ്മിക പിന്തുണ നല്‍കുമെന്നു വോയ്സ് സൊസൈറ്റി വ്യക്തമാക്കി. 

ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഓപ്പണ്‍ ഡോഴ്‌സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റ് 2025 റിപ്പോര്‍ട്ട് പ്രകാരം ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് പാക്കിസ്ഥാന്‍.


 

Tags

Share this story

From Around the Web