ഓണം പടിവാതിൽക്കൽ നിൽക്കെ വാഴയിലക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം; കച്ചവടം കുറയുമെന്ന ആശങ്കയിൽ കർഷകർ, നിയമനടപടിക്ക് നീക്കം

 
SADHYA

കോട്ടയം:  ഓണം വിപണി പടിവാതിൽക്കൽ, വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന്
സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണം. വാഴയില കർഷകരുടെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയാണ് വ്യാജ പ്രചാരണം തകൃതിയായി നടക്കുന്നത്. വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ശാസ്ത്രീയ പഠനങ്ങൾ ഒന്നുമില്ലാതെയാണ്  തെറ്റായ വിവരങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.

ഓണം വിപണി ലക്ഷ്യമിട്ട് കാത്തിരുന്ന നൂറുകണക്കിന് സാധാരണക്കാരായ കർഷകരെയും കച്ചവടക്കാരെയും ഈ വ്യാജ സന്ദേശങ്ങൾ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്.

ഓണസദ്യയ്ക്ക് വാഴയില നിർബന്ധമായതിനാൽ, ഈ സീസണിൽ മികച്ച വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. വൻകിട ഹോട്ടലുകൾ, കേറ്ററിങ് സ്ഥാപനങ്ങൾ, പ്രമുഖ റിസോർട്ടുകൾ തുടങ്ങിയവയെല്ലാം വാഴയിലകൾ കർഷകരിൽ നിന്ന് നേരിട്ട് വാങ്ങുന്നുണ്ട്.

എന്നാൽ, യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിച്ചതോടെ, ചില സ്ഥാപനങ്ങളെങ്കിലും ഇല വാങ്ങുന്നതിൽ മടി കാണിക്കുന്നുണ്ടെന്നു കർഷകർ പറയുന്നു.

പരമ്പരാഗതമായി മലയാളി പിന്തുടരുന്ന വാഴയിലയിലെ ഭക്ഷണരീതി പൂർണ്ണമായും പ്രകൃതിദത്തവും ആരോഗ്യദായകവുമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

 വാഴയിലയിൽ അടങ്ങിയിരിക്കുന്ന 'പോളിഫെനോളുകൾ' ഭക്ഷണത്തിനൊപ്പം ശരീരത്തിലെത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
 ഇലയിൽ ചൂടുള്ള ഭക്ഷണം വിളമ്പുമ്പോൾ ഇത് ഭക്ഷണത്തിന് പ്രത്യേക രുചിയും മണവും നൽകുന്നു. പ്ലാസ്റ്റിക്, പേപ്പർ പ്ലേറ്റുകൾക്ക് പകരം പൂർണമായും ദ്രവിച്ചുപോകുന്ന വാഴയില ഉപയോഗിക്കുന്നത് പരിസ്ഥിതിക്കും ഏറെ ഗുണകരമാണ്.

തലമുറകളായി നമ്മൾ പിന്തുടരുന്ന ഒന്നാണ് വാഴയിലയിലെ ഭക്ഷണം കഴിക്കുന്നത്. രാസവസ്തുക്കൾ അടങ്ങിയ മറ്റ് ഡിസ്പോസിബിൾ പ്ലേറ്റുകളെക്കാൾ എത്രയോ സുരക്ഷിതമാണ് കഴുകി വൃത്തിയാക്കിയ വാഴയില എന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.

വർഷത്തിലൊരിക്കൽ എത്തുന്ന ഓണം വിപണിയിലൂടെ കുടുംബം പുലർത്താൻ കാത്തിരിക്കുന്ന പാവപ്പെട്ട കർഷകരുടെ വയറ്റത്തടിക്കുന്ന ഇത്തരം വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ പരാതി നൽകുമെന്നു കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് പറഞ്ഞു.

Tags

Share this story

From Around the Web