വ്യാജവാര്‍ത്തകള്‍ യാഥാര്‍ഥ്യത്തെ ലളിതവത്ക്കരിക്കുന്നു: കര്‍ദിനാള്‍ പരോളിന്‍

നിഷ്‌കളങ്കരായ ജനതയ്ക്കുമേല്‍ ഹമാസ് നടത്തിയ ആക്രമണം, തികച്ചും മനുഷ്യത്വരഹിതവും നീതീകരിക്കാനാവാത്തതുമാണെന്നു വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍.
ഇരകളായവരില്‍, സ്ത്രീകളും, കുട്ടികളും, പ്രായമാവരും ഉള്‍പ്പെടുന്നത്, ആക്രമണത്തിന്റെ ക്രൂരത വെളിപ്പെടുത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നു വത്തിക്കാന്‍ ഉടന്‍തന്നെ ആവശ്യപ്പെട്ടിരിന്നുവെന്നും, ബാധിതരായ കുടുംബങ്ങളോടുള്ള പരിശുദ്ധ സിംഹാസനത്തിന്റെ അടുപ്പം ഉടന്‍തന്നെ പ്രകടിപ്പിച്ചിരുന്നുവെന്നുമുള്ള വിവരങ്ങളും അദ്ദേഹം ഇന്റര്‍വ്യുവില്‍ വെളിപ്പെടുത്തി.
ഈ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷവും, തുരങ്കങ്ങളില്‍ ബന്ദികളാക്കി പട്ടിണി കിടക്കുന്ന ഈ ആളുകളുടെ ചിത്രങ്ങള്‍ തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നു പറഞ്ഞ കര്‍ദിനാള്‍, ജീവിതത്തിന്റെ അവസാന ഒന്നര വര്‍ഷത്തിനിടയില്‍, ഫ്രാന്‍സിസ് പാപ്പാ ബന്ദികളുടെ മോചനത്തിനായി 21 പരസ്യ അഭ്യര്‍ത്ഥനകള്‍ നടത്തിയതായും, അവരുടെ ചില കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായും താന്‍ ഓര്‍ക്കുന്നുവെന്നും പറഞ്ഞു. കുടുബങ്ങളുടെ വേദന ചിന്തിക്കാവുന്നതിലും അപ്പുറത്താണെന്നും, അവര്‍ക്കുവേണ്ടി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും കര്‍ദിനാള്‍ പറഞ്ഞു.
തുടര്‍ന്ന് ഗാസയില്‍ സ്ഥിതികളും, കര്‍ദിനാള്‍ എടുത്തു പറഞ്ഞു. പതിനായിരക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ച ഒരു വിനാശകരമായ യുദ്ധത്തിന് ശേഷം ഏറെ ഭയാനകവും ദാരുണവുമാണ് ഗാസയിലെ സ്ഥിതിയെന്നു പറഞ്ഞ അദ്ദേഹം, നമ്മുടെ യുക്തിബോധം വീണ്ടെടുക്കുകയും, വെറുപ്പിന്റെയും പ്രതികാരത്തിന്റെയും അന്ധമായ യുക്തി ഉപേക്ഷിക്കുകയും, ഒരു പരിഹാരമായി അക്രമത്തെ നിരസിക്കുകയും വേണമെന്നു ആവശ്യപ്പെട്ടു.
ആക്രമണത്തില്‍ സാധാരണക്കാരെ പാര്‍ശ്വ ഇരകളാക്കുന്നത്, അംഗീകരിക്കാനാവാത്തതും ന്യായീകരിക്കാനാവാത്തതുമാണെന്നും കര്‍ദിനാള്‍ പറഞ്ഞു.
വ്യാജ വാര്‍ത്തകള്‍, യാഥാര്‍ത്ഥ്യത്തിന്റെ ലളിതവല്‍ക്കരിക്കുന്നുവെന്നും, ഗാസയില്‍ ഇന്ന് സംഭവിക്കുന്നതിന്റെ ഉത്തരവാദിത്തം യഹൂദന്മാരില്‍ കെട്ടിവയ്ക്കാന്‍ പ്രേരിപ്പിക്കുന്നത് സത്യമല്ലെന്നും, ഗാസയിലും മറ്റ് പലസ്തീനിലും നിലവിലെ ഇസ്രായേല്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതും പ്രവര്‍ത്തിക്കുന്നതുമായ രീതിക്കെതിരെ ജൂത ലോകത്ത് നിന്ന് ശക്തമായ വിയോജിപ്പിന്റെ നിരവധി ശബ്ദങ്ങള്‍ ഉയരുന്നുണ്ടെന്നുള്ളത് മറന്നുപോകരുതെന്നും കര്‍ദിനാള്‍ചൂണ്ടിക്കാട്ടി.
യഹൂദവിരുദ്ധത ഒരു അര്‍ബുദമാണ്, ഈ തിന്മ വീണ്ടും തലപൊക്കുന്നത് തടയാന്‍ നമ്മുടെ എല്ലാ ശക്തിയും ഉപയോഗിച്ച് നാം സ്വയം പരിശ്രമിയ്ക്കണമെന്നും കര്‍ദിനാള്‍ പറഞ്ഞു. മനുഷ്യത്വരഹിതമായ പ്രവൃത്തികളും മാനുഷിക നിയമങ്ങളുടെ ലംഘനങ്ങളും ഒരിക്കലും ന്യായീകരിക്കപ്പെടുന്നില്ലെന്ന് നാം ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹമാസ് തീവ്രവാദികളെ പരാജയപ്പെടുത്താന്‍ ഇസ്രായേല്‍ സൈന്യം നടത്തിയ യുദ്ധം, എന്നാല്‍ സാധാരണക്കാരെയാണ് ബാധിച്ചിരിക്കുന്നുവെന്നതിനു, ആ പ്രദേശത്തിന്റെ ചിത്രങ്ങള്‍ സാക്ഷികളാണെന്നും, ഈ ക്രൂരത അവസാനിപ്പിക്കുവാനുള്ള പരിശുദ്ധ പിതാവിന്റെ അഭ്യര്‍ഥനയ്ക്ക് അന്താരാഷ്ട്രസമൂഹം ശ്രദ്ധ നല്‍കണമെന്നും കര്‍ദിനാള്‍ ആവശ്യപ്പെട്ടു.
വെടിനിര്‍ത്തല്‍ കൈവരിക്കാനും യുദ്ധം അവസാനിപ്പിക്കാനുമുള്ള പ്രസിഡന്റ് ട്രംപിന്റെ പദ്ധതിയെക്കുറിച്ചുള്ള ചോദ്യത്തിന്, പലസ്തീന്‍ ജനതയെ അവരുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങളില്‍ ഉള്‍പ്പെടുത്തുകയും ഈ കൂട്ടക്കൊല അവസാനിപ്പിക്കാന്‍ അനുവദിക്കുകയും, ബന്ദികളെ മോചിപ്പിക്കുകയും, നൂറുകണക്കിന് ആളുകളുടെ ദൈനംദിന കൊലപാതകങ്ങള്‍ തടയുകയും ചെയ്യുന്ന ഏതൊരു പദ്ധതിയും സ്വാഗതം ചെയ്യപ്പെടുകയും പിന്തുണയ്ക്കപ്പെടുകയും വേണമെന്നും കക്ഷികള്‍ അത് അംഗീകരിക്കുമെന്നും സമാധാനത്തിലേക്കുള്ള ഒരു പാത ഒടുവില്‍ ആരംഭിക്കുമെന്നും താന്‍ പ്രത്യാശിക്കുന്നതായും കര്‍ദിനാള്‍ പറഞ്ഞു.
ക്രൈസ്തവരെന്ന നിലയില്‍, ഈ സാഹചര്യങ്ങളില്‍ പ്രാര്‍ത്ഥിക്കേണ്ടത് നമ്മുടെ കടമയാണെന്നും, നമുക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളില്‍ , നമ്മില്‍ നിന്ന് വളരെ അകലെയാണെങ്കിലും, നമുക്ക് നിസ്സംഗത പുലര്‍ത്താന്‍ കഴിയില്ലെന്ന് കാണിച്ചുതന്ന മനുഷ്യനായ ക്രിസ്തുവിനെ അനുയായികളാണ് നാമെന്നും കര്‍ദിനാള്‍ അനുസ്മരിച്ചു.
ഈ ഘട്ടത്തില്‍ പലസ്തീന്‍ രാഷ്ട്രത്തിന്റെ അംഗീകാരം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? എന്നുള്ള ചോദ്യത്തിന് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, പരിശുദ്ധ സിംഹാസനവും പലസ്തീന്‍ രാഷ്ട്രവും തമ്മിലുള്ള സമഗ്ര കരാറിലൂടെ, പരിശുദ്ധ സിംഹാസനം പലസ്തീന്‍ സംസ്ഥാനത്തെ ഔദ്യോഗികമായി അംഗീകരിച്ചുവെന്നും, ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങള്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ടെന്ന വസ്തുതയെ പരിശുദ്ധ സിംഹാസനം സ്വാഗതം ചെയ്യുന്നുവെന്നും കര്‍ദിനാള്‍ പറഞ്ഞു.
എന്നാല്‍ ഇസ്രായേലി പ്രഖ്യാപനങ്ങളും തീരുമാനങ്ങളും വിപരീത ദിശയിലേക്കാണ് പോകുന്നതെന്ന് നമുക്ക് ആശങ്കയോടെ ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മധ്യപൂര്‍വേഷ്യയില്‍ ക്രൈസ്തവരുടെ എണ്ണം കുറഞ്ഞുവരുന്നു എന്നുള്ളത്, ആശങ്കാജനകമെന്നും, എന്നാല്‍ അവര്‍ പീഡിപ്പിക്കപ്പെടുന്ന പലസ്തീന്‍ ജനതയുടെ ദുരിതങ്ങളില്‍ പൂര്‍ണ്ണമായും ഭാഗഭാക്കാകുന്നുവെന്നത് യാഥാര്‍ഥ്യമാണെന്നും കര്‍ദിനാള്‍ അടിവരയിട്ടു പറഞ്ഞു.