ഉത്തര്‍പ്രദേശിലെ വ്യാജ എംബസി കേസ്. 300 കോടി രൂപയുടെ തട്ടിപ്പ്. പത്ത് വര്‍ഷത്തിനിടെ 162 വിദേശ യാത്രകള്‍. ഒന്നിലധികം വിദേശ ബാങ്ക് അക്കൗണ്ടുകള്‍

യുപി: ഉത്തര്‍പ്രദേശിലെ വ്യാജ എംബസി കേസിന്റെ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍. 300 കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. ഗാസിയാബാദില്‍ വ്യാജ എംബസി നടത്തിയതിന് അറസ്റ്റിലായ ഹര്‍ഷവര്‍ധന്‍ ജെയ്ന്‍ പത്ത് വര്‍ഷത്തിനിടെ 162 വിദേശ യാത്രകള്‍ നടത്തി. ഒന്നിലധികം വിദേശ ബാങ്ക് അക്കൗണ്ടുകള്‍ ഇയാള്‍ക്കുണ്ടെന്നും കണ്ടെത്തി.
ഗാസിയാബാദിലെ വാടകക്കെടുത്ത ഇരുനില വീട്ടില്‍ നിന്നാണ് കഴിഞ്ഞയാഴ്ച ജെയിനെ അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ് ടി എഫ്) നടത്തിയ അന്വേഷണത്തില്‍ ജെയിന് തൊഴില്‍ റാക്കറ്റ് നടത്തുന്നതിലും ഹവാല വഴിയുള്ള കള്ളപ്പണം വെളുപ്പിക്കലിലും പങ്കുണ്ടെന്ന് കണ്ടെത്തി.
ഗാസിയാബാദ് പരിസരത്ത് നടത്തിയ റെയ്ഡിനിടെ, വ്യാജ നയതന്ത്ര നമ്പര്‍ പ്ലേറ്റുകള്‍, വ്യാജ രേഖകള്‍, ആഡംബര വാച്ച് ശേഖരം എന്നിവയുള്ള നാല് കാറുകള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. ജെയിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ നാളെ കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കും. 'ഗ്രാന്‍ഡ് ഡച്ചി ഓഫ് വെസ്റ്റാര്‍ക്കിറ്റി' എന്ന വ്യാജ രാജ്യത്തിന്റെ എംബസിയാണ് ഇയാള്‍ നടത്തിയിരുന്നത്.