വ്യാജ മതപരിവര്‍ത്തന കേസ്: രാജസ്ഥാനില്‍ അറസ്റ്റിലായ ഒന്‍പത് കത്തോലിക്കര്‍ക്ക് ജാമ്യം
രാജസ്ഥാന്‍: രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയിലുള്ള കലിഞ്ചര ഗ്രാമത്തില്‍ കുര്‍ബാനയ്ക്കിടെ കൈയേറ്റം നടത്തിയത് ചോദ്യം ചെയ്യുകയും അക്രമികളെ തടയുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഒന്‍പത് കത്തോലിക്കാ വിശ്വാസികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
മതപരിവര്‍ത്തനം ആരോപിച്ചും അക്രമം അഴിച്ചുവിട്ടും പള്ളിയില്‍ അതിക്രമിച്ചു കയറിയ തീവ്ര ഹിന്ദുത്വ ഗ്രൂപ്പില്‍പെട്ട സംഘത്തെ പള്ളിയില്‍ നിന്ന് പുറത്താക്കിയതിനാണ് ഒന്‍പത് ഇടവകക്കാരെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഉദയ്പൂര്‍ രൂപതയിലെ ബന്ദാരിയ ഇടവകയ്ക്ക് കീഴിലുള്ള കലിഞ്ചര ഗ്രാമത്തില്‍ മെയ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള മാതാവിന്റെ കപ്പേളയില്‍ പരിശുദ്ധ മറിയത്തിന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന ഒന്‍പതു നാള്‍ പ്രാര്‍ഥനയിലും വിശുദ്ധ കുര്‍ബാനയിലും എഴുപതോളം വിശ്വാസികള്‍ പങ്കെടുക്കുകയായിരുന്നു.
ദിവ്യബലി മധ്യേ ഒരു കൂട്ടം തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ പ്രാര്‍ഥനാസ്ഥലത്തേക്ക് അതിക്രമിച്ചുകയറുകയും മൊബൈല്‍ ഫോണുകളില്‍ ചിത്രീകരണം നടത്തുകയും ചെയ്തു.
പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയവര്‍ അനധികൃത മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ച ഇവര്‍, വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു.
അക്രമികളില്‍ ഒരാള്‍ മാരകായുധവുമായെത്തി ഭീഷണിപ്പെടുത്തിയതോടെ പ്രാര്‍ഥനയിലുണ്ടായിരുന്നവര്‍ അക്രമികളെ തടയുകയായിരുന്നു.
എന്നാല്‍ സംഭവത്തില്‍ കത്തോലിക്കാ വിശ്വാസികള്‍ നല്‍കിയ പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ല. പകരം, അതിക്രമിച്ചു കയറിയവരുടെ പരാതിയില്‍ വിശ്വാസികള്‍ക്കെതിരെ വധശ്രമം, കലാപശ്രമം, രാജസ്ഥാനിലെ മതപരിവര്‍ത്തന നിരോധന നിയമലംഘനം എന്നിവ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു.
കേസില്‍ അറസ്റ്റിലായ ഇവര്‍ മെയ് മാസം മുതല്‍ ജയിലില്‍ കഴിയുകയായിരുന്നു. താഴ്ന്ന കോടതികളും സെഷന്‍സ് കോടതിയും ഇവരുടെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വിഷയം വിശദമായി പരിശോധിച്ച ശേഷമാണ് ഹൈക്കോടതി വിശ്വാസികള്‍ക്ക് ജാമ്യം അനുവദിച്ചത്.
ഉദയ്പൂര്‍ രൂപതാ ബിഷപ്പ് ദേവപ്രസാദ് ജോണ്‍ ഗണവയും സഭാ അധികാരികളും വിധിയില്‍ ആശ്വാസം രേഖപ്പെടുത്തി.