വ്യാജ ശിശുക്കടത്ത് കേസ്; 8 വര്‍ഷത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍ മിഷ്ണറീസ് ഓഫ് ചാരിറ്റി കുറ്റവിമുക്തര്‍
റാഞ്ചി: വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹം 8 വര്‍ഷത്തോളം നടത്തിയ നിയമപോരാട്ടത്തിന് ഒടുവില്‍ കുട്ടികളെ കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ വ്യാജമെന്ന് തെളിഞ്ഞു. 2018-ല്‍ ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ 'നിര്‍മല്‍ ഹൃദയ്' ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കുഞ്ഞിനെ കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട് മിഷ്ണറീസ് ഓഫ് ചാരിറ്റിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നു മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹാംഗമായ കന്യാസ്ത്രീയും മറ്റ് രണ്ടുപേരും വര്‍ഷങ്ങളായി വിചാരണ നേരിട്ടു വരികയായിരിന്നു. എട്ടുവര്‍ഷത്തോളം നീണ്ട നിയമനടപടികള്‍ക്കൊടുവിലാണ് ഇവര്‍ കുറ്റക്കാരല്ലെന്ന് റാഞ്ചി സിവില്‍ കോടതി വിധി പ്രസ്താവം നടത്തിയിരിക്കുന്നത്.
കുറ്റാരോപണം നേരിട്ട സിസ്റ്റര്‍ കോണ്‍സിലിയ ജാമ്യം ലഭിക്കുന്നതു വരെ മൂന്ന് വര്‍ഷം ജയിലില്‍ കിടന്നിരിന്നു. 2018-ല്‍ ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ മിഷ്ണറീസ് ഓഫ് ചാരിറ്റി നടത്തുന്ന നിര്‍മ്മല്‍ ഹൃദയ് എന്ന സ്ഥാപനത്തില്‍ നിന്ന് 14 ദിവസം പ്രായമുള്ള ഒരു ശിശുവിനെ അനധികൃതമായി കൈമാറിയെന്ന ആരോപണം ഉന്നയിച്ചായിരിന്നു കേസ്. ആരോപണങ്ങള്‍ മിഷ്ണറീസ് ഓഫ് ചാരിറ്റി കന്യാസ്ത്രീയായ സിസ്റ്റര്‍ കോണ്‍സിലിയയുടെ അറസ്റ്റിലേക്ക് നയിക്കുകയും, ജാര്‍ഖണ്ഡിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ള മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപനങ്ങള്‍ക്കെതിരേ വിവിധ പരിശോധനകള്‍ വ്യാപിപ്പിക്കുകയും ചെയ്തിരിന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വിധി സത്യത്തിന്റെയും അചഞ്ചലമായ പരിശ്രമത്തിന്റെയും വിശ്വാസത്തിന്റെയും വിജയമാണെന്ന് കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) മുന്‍ സെക്രട്ടറി ജനറലും ഡാല്‍ട്ടണ്‍ഗഞ്ച് ബിഷപ്പുമായ തിയോഡോര്‍ മസ്‌കറേനാസ് പറഞ്ഞു. ആരോപണങ്ങള്‍ സന്യാസ സമൂഹത്തിന്റെ ശുശ്രൂഷയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുവെന്ന് ബിഷപ്പ് വെളിപ്പെടുത്തി. സിസ്റ്റര്‍ കോണ്‍സിലിയയുടെ അറസ്റ്റിന് പിന്നാലെ 24 കുഞ്ഞുങ്ങളെ പാര്‍പ്പിച്ച ഹിനൂവിലെ മറ്റൊരു മിഷ്ണറീസ് ഓഫ് ചാരിറ്റി ഭവനം അധികൃതര്‍ അടച്ചുപൂട്ടിയിരിന്നു. സമീപ വര്‍ഷങ്ങളില്‍ ഭാരത കത്തോലിക്ക സഭ നേരിട്ട ഏറ്റവും വേദനാജനകമായ നിയമ പോരാട്ടങ്ങളിലൊന്നിന് അന്ത്യം കുറിക്കുന്ന സുപ്രധാന വിധിന്യായമാണ് പുറത്തുവന്നിരിക്കുന്നത്.