വ്യാജ കോളുകള്‍ക്ക് ഇനി പൂട്ടുവീഴും; തട്ടിപ്പുകള്‍ തടയാന്‍ കര്‍ശന നിയമങ്ങളുമായി ട്രായ്
അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള ശല്യപ്പെടുത്തുന്ന വ്യാജ കോളുകള്‍ക്കും തട്ടിപ്പുകള്‍ക്കും അറുതി വരുത്താന്‍ പുതിയ നീക്കവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ.
രാജ്യത്ത് അനുമതിയില്ലാത്ത വാണിജ്യ ആശയവിനിമയങ്ങളും സ്പാം കോളുകളും കര്‍ശനമായി നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമങ്ങള്‍ക്ക് ട്രായ് അന്തിമ രൂപം നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കളെ വലയ്ക്കുന്ന ഇത്തരം അനധികൃത കോളുകള്‍ക്ക് തടയിടുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
പുതിയ സംവിധാനത്തിന്റെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് സംശയാസ്പദമായ കോളുകള്‍ കൃത്യമായി കണ്ടെത്താനും തടയാനും ടെലികോം കമ്പനികള്‍ക്ക് അധികാരം ലഭിക്കും.
തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കുന്ന നമ്പറുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍തന്നെ മറ്റ് ടെലികോം ഓപ്പറേറ്റര്‍മാരുമായി പങ്കുവെക്കണം. കൂടാതെ ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന ഓട്ടോമേറ്റഡ് കോളുകളുടെ പ്രവര്‍ത്തനങ്ങളിലും കമ്പനികള്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്.
നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്കും ഇത്തരം തട്ടിപ്പ് പ്രവര്‍ത്തനങ്ങളില്‍ സ്ഥിരമായി ഏര്‍പ്പെടുന്നവര്‍ക്കുമെതിരെ അതിശക്തമായ നടപടികളാണ് ട്രായ് വിഭാവനം ചെയ്യുന്നത്. കുറ്റക്കാരായവരുടെ മൊബൈല്‍ കണക്ഷനുകള്‍ യാതൊരു മുന്‍കൂട്ടി അറിയിപ്പുമില്ലാതെ വിച്ഛേദിക്കുന്നതടക്കമുള്ള കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് പുതിയ ഉത്തരവിലൂടെ സാധിക്കും.